റോഡ് നവീകരണം : തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസിനെതിരെയുള്ള അഴിമതി ആരോപണം; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തം

Jaihind News Bureau
Friday, May 22, 2020

കോഴിക്കോട് തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസിനെതിരെയുള്ള അഴിമതി ആരോപണത്തിൽ പ്രതിഷേധം ശക്‌തം. അഗസ്ത്യമൂഴി കൈതപ്പൊയിൽ റോഡ് നവീകരണത്തിന്‍റെ പേരിൽ കോടികളുടെ അഴിമതിയാണ് എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്‌.

തിരുവമ്പാടി കൈതപ്പൊയിൽ റോഡ് നവീകരണത്തിൽ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി കേബിൾ ചാൽ നിർമാണം ഒഴിവാക്കിയെന്നും ഇതുവഴി 13 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നുമാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. 86 കോടിയിലധികം രൂപ മുടക്കിയുള്ള റോഡ് നവീകരണ പ്രവൃത്തിയിലാണ് അഴിമതി. സർക്കാർ ഓർഡർ പ്രകാരം അന്താരാഷ്ട്ര നിലവാരത്തോടെ റോഡ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയത്.

20 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി അനുവദിച്ച ഒന്നര വർഷ കാലാവധി അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും 30 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. കേബിൾ ചാൽ ഒഴിവാക്കുകയാണങ്കിൽ അതിന്‍റെ സ്ഥലം ഒഴിച്ചിടണമെന്ന് കിഫ്ബിയുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരമൊരു ഉത്തരവ് കിഫ്ബിക്ക് ഇറക്കാൻ അനുമതിയില്ലങ്കിലും ആ ഉത്തരവ് പോലും മറികടന്ന് സ്ഥലം ഒഴിച്ചിടാതെയാണ് പ്രവൃത്തി നടത്തുന്നത്.