എം.കെ. രാഘവൻ എം.പി.യ്ക്കെതിരെ സി.പി.എമ്മിന്‍റെ കള്ള പ്രചരണം; പ്രതിഷേധം ശക്തം; പഞ്ചായത്ത് പ്രസിഡന്‍റ് പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ്

Jaihind News Bureau
Monday, July 6, 2020

എം.കെ. രാഘവൻ എം.പി.യ്ക്കെതിരെ കോഴിക്കോട് കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എമ്മും നടത്തുന്ന കള്ള പ്രചരണത്തിനെതിരെ പ്രതിഷേധം. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പാല സമുദായത്തിൽപ്പെട്ടവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ അധിക തൊഴിൽ ദിനം നഷ്ടപ്പെട്ടുവെന്ന് തൊഴിലാളികളേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ജാതിവിവേചനം നടത്തി കരിമ്പാല പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേകം തൊഴിൽ നൽകിയതിനെതിരെ സമുദായത്തിൽപെട്ട സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എംപി എംകെ രാഘവൻ കേന്ദ്ര പട്ടിക വർഗ വകുപ്പ് മന്ത്രിക്കു പരാതി നൽകിയത്. എന്നാൽ എംപിയുടെ ഇടപെടൽ നിമിത്തം കരിമ്പാലൻ സമുദായക്കാർക്കു തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ ദിനങ്ങൾ നഷ്ടപെട്ടുവെന്ന് കോട്ടൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്‍റ്‌ ഷീജ കാറാങ്ങോട്ടും സിപിഎം പ്രവർത്തകരും കരിമ്പാലൻ സമുദായത്തെയും നാട്ടുകാരെയും വിശ്വസിപ്പിക്കുകയായിരുന്നു. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടില്ല എന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എംപിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ശരാശരി തൊഴിൽ ദിനങ്ങൾ ലഭിക്കില്ല എന്ന് മാത്രമാണ് പറഞ്ഞത് എന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിലപാട്