കെ റെയിലിനെതിരെ എറണാകുളത്ത് പ്രതിഷേധം ശക്തം ; സര്‍ക്കാര്‍ പിന്മാറും വരെ സമരമെന്ന് ജനകീയ സമിതി

Jaihind Webdesk
Saturday, August 14, 2021

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതിക്കെതിരെ എറണാകുളം ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു ആയുഷ്കാലത്തെ സമ്പാദ്യങ്ങൾ എല്ലാം തകർക്കുന്ന പദ്ധതിക്കെതിരെ അവസാനം ശ്വാസം വരെ പോരാടാനാണ്  കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ തീരുമാനം.

ജനകീയ സമിതി രൂപീകരിച്ചാണ് എറണാകുളം ജില്ലയിലെ പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർ അതിജീവനത്തിനായുള്ള പോരാട്ടത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. ക്വിറ്റ് സില്‍വര്‍ലൈന്‍, സേവ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി ഇവരുടെ സമരം. പ്രകൃതിയെയും മനുഷ്യനെയും തകർക്കുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പോലും പദ്ധതിയെ കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് സമര സമിതി പ്രവർത്തകർ പറയുന്നു. കോടികൾ മുടക്കിയുള്ള പദ്ധതി കച്ചവട താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് എറണാകുളം ജില്ലയിലെ പൂക്കാട്ട്പടിയിൽ സമരത്തിന് നേതൃത്വം നൽകുന്ന സമര സമിതി ചെയർമാൻ എൻ.എ രാജൻ കുറ്റപ്പെടുത്തി.

പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരാനാണ് ജനകീയ സമിതി തീരുമാനം. നിലവിലെ ഗതാഗത പദ്ധതികളെ വികസിപ്പിക്കാതെ ആകാശപ്പാതയ്ക്കായുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമെന്നാണ് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ആരോപണം. കെ റെയിലിന് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലന്നും നിയമസഭയില്‍ പോലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാതെ 20,000 ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ട പദ്ധതി നടപ്പാക്കുമെന്ന സർക്കാരിൻ്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദ്ധതി നടപ്പാക്കുമ്പോൾ റെയിൽവെ പാളത്തിന് ഇരുവശങ്ങളിലും കൂറ്റൻ മതിൽ സ്ഥാപിക്കുന്നത് കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് തുല്യമാണെന്നും ഇവർ പറയുന്നു.