ക്യൂബയില്‍ ഭക്ഷണമില്ല, വൈദ്യുതിയില്ല ; കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ജനങ്ങളുടെ വന്‍ പ്രക്ഷോഭം

Jaihind Webdesk
Monday, July 12, 2021


ഹവാന :  കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്ന് പിണറായി വിജയന്‍ പറഞ്ഞ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ജനജീവിതത്തിന് അടിസ്ഥാനമായ സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യമാണെന്ന് വ്യക്തമാക്കിയാണ് പതിനായിരണക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

രാജ്യത്ത് ഭക്ഷണത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമം ആരംഭിച്ചതോടെയാണ് ജനങ്ങള്‍ കൊവിഡ് കാലത്തും ഗതികെട്ട് തെരുവിലിറങ്ങിയത്. ഏകാധിപത്യം അവസാനിപ്പിക്കുക, സ്വാതന്ത്ര്യം നല്‍കുക എന്ന മുദ്രാവാക്യത്തോടെയായിരുന്നു ക്യാപിറ്റല്‍ കെട്ടിടത്തിനു മുന്നില്‍ പ്രക്ഷോഭം അരങ്ങേറിയത്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുന്നതിനിടെ നിരവധി നഗരങ്ങളില്‍ ജനങ്ങള്‍ സ്വയം തെരുവിറങ്ങുകയായിരുന്നു.

അതേസമയം, പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ പ്രകടനക്കാരെ നേരിടാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ പോലീസ് സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

കൊവിഡ് -19 പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍ ഭക്ഷണത്തിനും വൈദ്യുതിക്കും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം ആണ് രാജ്യത്ത്. ഇതാണ് പൊതുജനത്തെ പ്രകോപിപ്പിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പോലും കമ്യൂണിസ്റ്റ് സര്‍ക്കാരിനു സാധിച്ചില്ല. ഇതോടെ തലസ്ഥാന നഗരത്തില്‍ മാത്രമല്ല ചെറുപട്ടണങ്ങളില്‍ പോലും ജനങ്ങള്‍ വ്യാപകമായി പ്രക്ഷോഭത്തിനിറങ്ങുകയാണ്.