കൊല്ലഗൽ – കോഴിക്കോട് ദേശീയ പാത പൂർണ്ണമായും അടച്ചിടുന്നതിനെതിരെ പ്രതിഷേധം

Jaihind News Bureau
Thursday, September 5, 2019

ബന്ദിപൂർ ടൈഗർ റിസർവിലൂടെ കടന്ന് പോകുന്ന കൊല്ലഗൽ കോഴിക്കോട് ദേശീയ പാത പൂർണ്ണമായും അടച്ചിടുന്നതിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി. രാത്രി യാത്രാ നിരോധനം തുടരണം എന്നാൽ പകൽ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കരുതെന്നും ആവശ്യം. തുരങ്കമോ മേൽപാലമോ ഉപയോഗിച്ച് ബദൽ സംവിധാനങ്ങൾ കണ്ടെത്തണമെന്നും പ്രകൃതിസംരക്ഷണ സമിതി.

ബന്ദിപൂർ വനത്തിലൂടെ കടന്ന് പോകുന്ന കൊല്ലഗൽ കോഴിക്കോട് ദേശീയ പാതയിൽ പത്ത് വർഷമായി രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നുണ്ട്. നിലവിൽ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി കുടക് റോഡ് ബദൽ മാർഗമാക്കി രാത്രി യാത്ര നിരോധനം നിലനിൽക്കുന്ന പാതയിൽ പകൽ സമയത്തും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. എന്നാൽ ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് പ്രകൃതിസംരക്ഷണ സമിതിയുടെ ആവശ്യം. രാത്രിയാത്രാ നിരോധനം മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടത്, പകൽ സമയങ്ങളിൽ നിരോധനം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും പ്രകൃതിസംരക്ഷണ പ്രവർത്തകർ കർണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കൊടുത്ത കേസുകളിൽ ഒന്നും രാത്രിയാത്ര നിരോധനം ആവിശ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

നിലവിലെ ബദൽ സംവിധാനത്തിൽ തങ്ങൾ തൃപ്തരല്ല, തുരങ്കമോ മേൽപ്പാലമോ ഉൾപ്പെടുത്തി മറ്റൊരു ബദൽ സംവിധാനം കണ്ടെത്തണമെന്നും പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ബന്ദിപൂർ ദേശീയപാതയിലെ യാത്രാ നിരോധനത്തിന് ജാഗ്രത പുലർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാറിന് ദീർഘവീക്ഷണം ഇല്ലാത്തതാണ് കോടതിയിൽ നിന്ന് തിരിച്ചടി നേരിടാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തി.