തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ്‌ നേതാവിന് നേരെ അക്രമം; പ്രതിഷേധം ശക്തം

Jaihind News Bureau
Sunday, October 4, 2020

കോഴിക്കോട് തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ്‌ നേതാവിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധം ശക്തം. തിരുവമ്പാടി മണ്ഡലം സെക്രട്ടറി അജ്മലിന് നേരെയാണ് അക്രമം നടന്നത്. അജ്മൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. അതേസമയം പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് തിരുവമ്പാടി പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

കോഴിക്കോട് തിരുവമ്പാടിയിലെ അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്‍റെ അപാകത ചൂണ്ടിക്കാണിച്ച യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി അജ്മലിനെ ഇന്നലെ രാത്രി ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ പോലീസ് നടപടി എടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സഹീറിന്‍റെ നേതൃത്വത്തിലാണ് സമരം നടന്നത്. എന്നാൽ പൊലീസ് ഇടപെട്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു.