സി.ഒ.ടി.നസീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അന്വേഷണം സിപിഎം പ്രവർത്തകരിലേക്ക്…

Jaihind Webdesk
Wednesday, May 22, 2019

വടകരയിലെ  സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി.നസീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം സി പി എം പ്രവർത്തകരിലേക്ക്. കൊളശേരി കളരിമുക്ക് സ്വദേശിയായ സിപിഎം പ്രവർത്തകൻ പൊലീസ്  നിരീക്ഷണത്തിൽ. നസീറിനെ അക്രമിച്ച സംഘത്തിൽ കളരിമുക്ക് സ്വദേശിക്ക് പുറമെ പുറത്തുനിന്നെത്തിയ രണ്ടുപേരും ഉണ്ടായിരുന്നതായി പൊലീസിനു സൂചന ലഭിച്ചു.

എഎസ്പി അരവിന്ദ് സുകുമാർ , സിഐ വിശ്വംഭരൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച കേസ് അന്വേഷിക്കുന്നത്. കൊളശേരി കളരിമുക്ക് സ്വദേശിയായ സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം നടക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളും, അക്രമത്തിന് ദൃക്സാക്ഷികളായ ആളുകളുടെ മൊഴിയും പരിശോധിച്ചാണ് കേസന്വേഷണം നടക്കുന്നത്.  നസീറിനെ അക്രമിച്ച സംഘത്തിൽ കളരിമുക്ക് സ്വദേശിക്ക് പുറമെ പുറത്തുനിന്നെത്തിയ രണ്ടുപേരും ഉണ്ടായിരുന്നതായി പൊലീസിനു സൂചന ലഭിച്ചു.

നസീറിന് നേരെ അക്രമം  നടന്ന അന്നു രാത്രിയിൽ തന്നെ കൊളശ്ശേരി കളരിമുക്ക് സ്വദേശി നാടുവിട്ടിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തുടർന്നു സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ടവർ പാലക്കാടും പിന്നീട് എറണാകുളത്തുമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ വലയിലാക്കാൻ പോലീസ് സംഘം എറണാകുളത്തേക്കു തിരിച്ചിട്ടുണ്ട്.  ഇയാളുടെ വീട്ടിൽ ‌‌പോലീസ് സംഘം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

ഇതിനിടയിൽ കൊളശേരി സ്വദേശികളായ രണ്ടു സിപിഎം പ്രവർത്തകരെ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വൈകുന്നേരത്തോടെ വിട്ടയച്ചു. ഒരു കൊലപാതക കേസിൽ പ്രതികളായ ഇവരിൽ നിന്നും ചില വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണു പൾസർ ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടിവീഴ്ത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. ഇതിനിടെ സി ഒ ടി നസീറിന് നേരെയുള്ള അക്രമം തലശ്ശേരി, കൂത്ത്പറമ്പ് മേഖലയിലെ സി പി എം പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.