ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; കോണ്‍ഗ്രസിനൊപ്പം ചേരാന്‍ നേതാക്കള്‍

Jaihind Webdesk
Thursday, February 14, 2019

Priyanka-Roadshow

കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയേറ്റെടുത്ത് പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങിയതോടെ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങളാണ് സംസ്ഥാനത്ത് പ്രകടമാവുന്നത്. ജാതി രാഷ്ട്രീയത്തിന്‍റെ ഈറ്റില്ലമായ യു.പിയിൽ ചെറുപാർട്ടികൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു കഴിഞ്ഞു. മഹാൻദൾ പാർട്ടി കോൺഗ്രസിൽ ലയിച്ചതിന് പിന്നാലെ വിവിധ കക്ഷികളിലെ പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങിയതോടെ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്‍റെ കരുത്ത് വർധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജാതി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗക്കാരുടെ പാർട്ടിയായ മഹാൻ ദൾ കോൺ്രഗസിൽ ലയിച്ചതിന് പിന്നാലെ ബി.എസ്.പിയുടെ പ്രമുഖരായ നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാൻദൾ പാർട്ടി അധ്യക്ഷൻ കേശവ് ദേവ് മൗര്യയും അനുയായികളും കോൺഗ്രസിൽ ചേർന്നത്.

Priyanka-Roadshow

ഉത്തർ പ്രദേശിൽ കോൺഗ്രസിനെ പുതിയ ശക്തിയാക്കി മാറ്റുക എന്ന ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് ഭരണത്തിൽ മാത്രമാണ് പിന്നാക്ക വിഭാഗത്തിന് നേട്ടമുണ്ടാകുക എന്ന് കേശവ് മൗര്യ പറഞ്ഞു. എസ്.പിയും ബി.എസ്.പിയും അവരുടെ മാത്രം നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാൽ കോൺഗ്രസിന് വിശാലമായ കാഴ്ചപ്പാടുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

80 ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയിൽ 41 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കയ്ക്കും 39സീറ്റുകളുടെ ചുമതല ജ്യോതിരാദിത്യയ്ക്കുമാണ് നൽകിയിട്ടുള്ളത്. ലഖ്നൗ, അമേത്തി, റായ്ബറേലി, സുൽത്താൻപൂർ, ഗൊരഖ്പൂർ, ഫുൽപൂർ, അലഹാബാദ്, ബാരാബങ്കി, കുശിനഗർ തുടങ്ങി പ്രധാന മണ്ഡലങ്ങളെല്ലാം പ്രിയങ്കയുടെ ചുമതലയിലാണ്.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി , എന്നിവർ ചേർന്ന് നടത്തിയ റോഡ് ഷോയ്ക്ക് ശേഷം കോൺഗ്രസുമായി സഖ്യമുണ്ടെന്ന് സമാജ് വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ താൻ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബി.ജെ.പിക്കും വലിയ തോതിൽ തിരിച്ചടിയുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.