തൃശ്ശൂര്‍ മതിലകം വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി അറസ്റ്റില്‍

Jaihind News Bureau
Monday, October 7, 2019

തൃശ്ശൂര്‍ മതിലകം വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതിയായ ഇരുപതുകാരന്‍ അറസ്റ്റിലായി. ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി 20 വയസ്സുള്ള ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് ആണ് അറസ്റ്റിലായത്.

ഒഡീഷ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും താമസിക്കുന്ന മൂന്നു ലക്ഷത്തിൽ പരം ആളുകൾ തിങ്ങി പാർക്കുന്നയിടമായ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടർച്ചയായി മൂന്നു ദിവസം ചേരിയിൽ റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ മറ്റു പ്രതികളെ കണ്ടെത്താനായില്ല. ദുർഗ്ഗടവും ഇടുങ്ങിയതുമായ വഴികളും, തെരുവ് നായകൾ ധാരാളം അലഞ്ഞ് നടക്കുന്ന ഈ ചേരിയിൽ പോലീസിന്റെ ചെറിയ നീക്കങ്ങൾ പോലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അപരിചിതരായവർ എത്തിയാൽ ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. ഇവിടെയാണ് അന്വോഷണ സംഘം പ്രതികളെ അരിച്ചു പെറുക്കിയത്. ആദ്യം അന്വോഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഇരുപത്താറാം തീയ്യതി വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊലപാതകത്തിനിടയായ സംഭവങ്ങളുടെ തുടക്കം…

പ്രതികളിൽ ടൊഫാൻ,നബ്ബ, സുശാന്ത് എന്നിവർക്ക് അന്ന് ജോലി ഇല്ലായിരുന്നു. അന്ന് ഉച്ചക്ക് ഇവർ താമസിക്കുന്ന റൂമിലെത്തിയ വിജിത്ത് മുഖ്യ പ്രതിയുമായി പണത്തിന്റെ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തി.തുടർന്ന് പ്രതികൾ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി ടൊഫാൻ അടുക്കള യിൽ നിന്ന് കത്തിയെടുത്ത് വിജിത്തിനെ കുത്തി.ശക്തമായ കുത്തിൽ വാരിയെല്ലുകൾ തകർത്ത് കത്തി കരളിൽ വരെ ആഴ്ന്നിറങ്ങി. മറ്റൊരു പ്രതി ഇരിക്കാൻ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചുവീഴ്ത്തി. അടിയും ചവിട്ടും കുത്തുമേറ്റ് ആന്തരീക അവയവങ്ങളും, വാരിയെല്ലുകളും തകർന്ന് വിജിത്ത് തൽക്ഷണം മരണപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. തുടർന്ന് കൈ കാലുകൾ കഴുത്തിനോട് ചേർത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവച്ചു. വൈകിട്ട് പണി കഴിഞ്ഞെത്തിയ മറ്റ് രണ്ടു പേരും കൂടി ചേർന്ന് മ്യതദേഹം തൊട്ടടുത്ത പറമ്പിലെ തെങ്ങിനടിയിൽ കൊണ്ടുചെന്നിട്ടു. തിരിച്ചെത്തിയ അഞ്ചു പേരും റൂം തുടച്ചു വൃത്തിയാക്കി, കൊടുങ്ങല്ലൂർ വഴി തൃശൂരിൽ എത്തി രാത്രി തന്നെ ട്രെയിനിൽ ഒഡിഷയിലേക്ക് മുങ്ങുകയായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച “ഓപ്പറേഷൻ ശിക്കാർ ” എന്ന സംഘത്തിനായിരുന്നു അന്വേഷണ ചുമതല.