ആലുവയിൽ ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം; പൊലീസില്‍ പരാതി

Jaihind Webdesk
Thursday, July 1, 2021

കൊച്ചി : ആലുവയിൽ ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതി പറയുന്നു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് നഹ്‍ലത്തിന്‍റെ പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. നഹ്‍ലത്തിന്‍റെ പിതാവ് സലീമിനും മര്‍ദ്ദനമേറ്റു. മകളെ മർദ്ദിക്കുന്നത് തടയുന്നതിനിടെയാണ് സലീമിന് മർദ്ദനമേറ്റത്.

വിവാഹ സമയത്ത് പത്ത് ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദ്ദനമെന്ന് സലീം നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. ആലങ്ങോട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നാല് മാസം ഗർഭിണിയായ നഹ്‍ലത്തിനേയും പിതാവ് സലീമിനേയും ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.