കർഫ്യൂ പാസ് ചോദിച്ചതിന് പൊലീസുദ്യോഗസ്ഥന്‍റെ കൈ വെട്ടിമാറ്റി

Jaihind News Bureau
Sunday, April 12, 2020

അമൃത്സര്‍: പഞ്ചാബില്‍ കൊവിഡ്-19 ഡ്യൂട്ടിക്കിടെ പൊലീസുകാർക്ക് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. കര്‍ഫ്യൂ പാസ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടിമാറ്റി. പട്യാലയിലെ പച്ചക്കറി ചന്തയ്ക്ക് സമീപം രാവിലെ 6.15 ഓടെയായിരുന്നു സംഭവം.

പച്ചക്കറി ചന്തയില്‍ രാവിലെഎത്തിയ അഞ്ചംഗ സംഘമാണ്  അക്രമം നടത്തിയത്. ഇവരെ തടഞ്ഞ് കാര്യം തിരക്കുന്നതിനിടയില്‍ പൊലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ സംഘം വന്ന വാഹനം ബാരിക്കേഡിലേക്ക് ഇടിച്ചുകയറ്റുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.

ഒരു എ.എസ്.ഐയുടെ കൈ അക്രമിസംഘം വെട്ടിമാറ്റി. മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. എ.എസ്.ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അക്രമത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പട്യാല എസ്.പി മന്‍ദീപ് സിംഗ് സിദ്ദു പറഞ്ഞു.