കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ട; സിപിഎം നേതാക്കള്‍ക്കു മുന്നില്‍ മുട്ടിലിഴഞ്ഞ് പോലീസ് പരിഹാസ്യരാകരുത്: മുഹമ്മദ് ഷിയാസ്

Jaihind Webdesk
Monday, March 20, 2023

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ഉപരോധ സമരം ഉദ്‌ഘാടനം ചെയ്തതിന്‍റെ പേരിൽ കലാപ ശ്രമത്തിന്‌ കേസെടുത്ത് കെ സുധാകരനെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മ്ദ് ഷിയാസ്. സുധാകരനെതിരായ കള്ളക്കേസ് കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും. കൊച്ചിയിലെ പോലീസ് ഇത്രയും അധപതിക്കാൻ പാടില്ലെന്നും സിപിഎം നേതാക്കളുടെ കൽപ്പനകൾക്ക് മുന്നിൽ മുട്ടിലിഴഞ്ഞ് പോലീസ് പരിഹാസ്യരാകരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കേസെടുത്താൽ ബോധം പോകുന്നവരല്ല കോൺഗ്രസ് നേതാക്കളെന്ന് പോലീസ് മനസിലാക്കണം. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധം തീർക്കുന്നത് അൽപത്തരമാണ്. സിപിഎം നേതാക്കൾക്കെതിരെ കലാപശ്രമത്തിന്‌ കേസെടുക്കേണ്ട ഒട്ടേറെ സന്ദർഭങ്ങളിൽ പോലീസ് മൗനം പാലിച്ചത് ജനം കാണുന്നുണ്ട്. മുഖ്യമന്ത്രിയിൽ നിന്ന് കുറച്ചു കൂടി മാന്യത പ്രതീക്ഷിക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞു.