യൂണിവേഴ്സിറ്റി കോളേജില്‍ റാഗിംഗ് വിരുദ്ധ സ്ക്വാഡ് ഇല്ല; കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചില്ല: കോളേജിനും പ്രിന്‍സിപ്പാളിനുമെതിരെ പോലീസ് റിപ്പോര്‍ട്ട്

Jaihind Webdesk
Saturday, July 13, 2019

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന് പിന്നാലെ കോളേജിനും പ്രിന്‍സിപ്പാളിനുമെതിരെ പൊലീസിന്‍റെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്‍റോണ്‍മെന്‍റ് സി.ഐ യു.ജി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കോളേജിനും പ്രിന്‍സിപ്പാളിനുമെതിരെയുള്ള പരാമർശം. കോളേജില്‍ റാഗിംഗ് വിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നില്ലെന്നും ക്യാമ്പസില്‍ അക്രസംഭവമുണ്ടായിട്ടും വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമത്തിൽ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കോളേജിനും പ്രിന്‍സിപ്പാളിനുമെതിരെ വീണ്ടും ആരോപണങ്ങൾ ഉയരുന്നത്. എല്ലാ കോളേജിലും റാഗിംഗ് വിരുദ്ധ സ്ക്വാഡ് വേണമെന്നും അതില്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസർ (എസ്.എച്ച്.ഒ) അംഗമായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ യൂണിവേഴ്സിറ്റി കോളേജില്‍ റാഗിംഗ് വിരുദ്ധ സ്ക്വാഡ് ഇല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്‍റോണ്‍മെന്‍റ് സി.ഐ യു.ജി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊലീസിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ മാസവും കോളേജുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറുണ്ട്. ഇക്കാര്യവും യൂണിവേഴ്സിറ്റി കോളേജില്‍ നടപ്പാക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്നലെ വിദ്യാര്‍ഥിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.  ക്യാമ്പസിനുള്ളില്‍ അക്രമം നടന്നിട്ടും പൊലീസിനെ അറിയിക്കാന്‍ പ്രിന്‍സിപ്പാള്‍ തയാറായില്ലെന്നും കുത്തേറ്റ അഖിലിനെ ആശുപത്രിയിലേക്ക് മാറ്റാൻ വേണ്ട നടപടികൾ കോളേജ് അധികൃതർ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. കോളേജ് പ്രിൻസിപ്പലിന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.