മിക്ക സെമസ്റ്ററുകളിലും തോല്‍വി, എഴുത്തുപരീക്ഷയില്‍ പൂജ്യം മാര്‍ക്ക് !! കുത്തുകേസ് പ്രതികളായ ‘റാങ്ക് ജേതാക്കളുടെ’ മാര്‍ക്ക് വിവരം പുറത്ത്

Jaihind Webdesk
Friday, July 26, 2019

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രതികളും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുമായ ശിവരഞ്ജിത്തും നസീമും  പി.ജി പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റതിന്‍റെ രേഖകള്‍ പുറത്ത്. രണ്ടുപേരും എം.എ ഫിലോസഫി ഒന്നാം സെമസ്റ്റര്‍ രണ്ടുതവണ എഴുതിയിട്ടും തോറ്റു. മിക്ക എഴുത്തുപരീക്ഷയിലും പൂജ്യം മാര്‍ക്കാണ് റാങ്ക് ജേതാക്കള്‍ക്ക് കിട്ടിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പി.എസ്.സി ലിസ്റ്റിലെ ‘ഒന്നാം റാങ്കുകാരനു’മായ ശിവരഞ്ജിത്തിന്‍റെ മാര്‍ക്കുകള്‍ ചുവടെ:

2018 മേയില്‍ എം.എ ഫിലോസഫിയുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശിവരഞ്ജിത് നാല് പേപ്പറുകള്‍ക്കും തോറ്റു. 2019-ല്‍ ശിവരഞ്ജിത് വീണ്ടും എഴുതിയെങ്കിലും തോല്‍വി തന്നെയായിരുന്നു ഫലം. ആദ്യശ്രമത്തില്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി പേപ്പറിന് മാര്‍ക്ക് നാല് ! സപ്ലിമെന്‍ററി പരീക്ഷയില്‍ ഈ പേപ്പറിന് 12 മാര്‍ക്ക്. വെസ്റ്റേണ്‍ ഫിലോസഫിക്ക് മൂന്നര മാര്‍ക്ക്. മൂന്നാം പേപ്പറിന് 13 മാര്‍ക്ക്. നാലാംപേപ്പര്‍ മോറല്‍ ഫിലോസഫിക്ക് ലഭിച്ചത് 46.5 മാര്‍ക്ക്.

വധശ്രമക്കേസിലെ രണ്ടാം പ്രതിയും പി.എസ്.സി റാങ്ക് ലിസ്റ്റിലെ 28-ാം റാങ്ക് ജേതാവുമായ എ.എന്‍. നസീമിന്‍റെ മാര്‍ക്കുകള്‍:

2019-ല്‍ സെക്കന്‍ഡ് സെമസ്റ്റര്‍ സപ്ലിമെന്‍ററിയില്‍ തിയറിക്ക് പൂജ്യം മാര്‍ക്ക് ! ഇന്‍റേണലിന് ലഭിച്ചത് 10 മാര്‍ക്ക്. മോഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി പേപ്പറുകള്‍ രണ്ടിനും ലഭിച്ചത് പൂജ്യം. പുനഃപ്രവേശനം നേടിയാണ് നസീം എം.എ ഫിലോസഫിക്ക് പഠിക്കുന്നത്.

ഒന്നാം പ്രതി ശിവരഞ്ജിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും, രണ്ടാം പ്രതി നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പ്രതികളുടെ മാര്‍ക്ക് ലിസ്റ്റ് ഗുരുതരമായ ക്രമക്കേട് നടന്നു എന്നതിലേക്കും പി.എസ്.സിയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ്. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന യു.ഡി.എഫ് ആവശ്യത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.

Click here to see Sivarenjith’s Mark Sheet

Click here to see Naseem’s Mark Sheet