പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്; കോപ്പിയടിച്ചത് സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചെന്ന് ശിവര‍ജ്ഞിത്തും നസീമും

Jaihind News Bureau
Friday, August 30, 2019

പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും.  മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ജയിലിൽ കഴിയുന്ന ശിവഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങള്‍ വ്യക്തമായത്.

പരീക്ഷ തുടങ്ങിയ ശേഷം  സ്മാ‍ർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസ്സുകളായിഎത്തിയെന്ന് ഇരുവരും പറഞ്ഞു.  പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയിൽ ഇടംനേടിയ പ്രണവിന്‍റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാൻ സഹായിച്ച പൊലീസുകാരൻ ഗോകുലും സഫീറും.  എന്നാല്‍ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിലേയ്ക്ക് പിഎസ്‍സിയുടെ ചോദ്യപേപ്പർ എങ്ങനെ എത്തി എന്നതിന് പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നൽകിയത്.

ഇനിയും പിടികൂടാനുള്ള പ്രതികളുടെ മേൽ ചോദ്യപേപ്പർ ചോർച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്.  കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.[yop_poll id=2]