വ്യാജരേഖയുണ്ടാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകനെ പോലിസ് കസ്റ്റഡിയിൽ വിട്ടു; ഹൈക്കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ്

Jaihind Webdesk
Wednesday, July 5, 2023

കൊല്ലം: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖയുണ്ടാക്കിയ ഡിവൈഎഫ്ഐ പ്രവർത്തക
നെ പോലിസ് കസ്റ്റഡിയിൽ വിട്ടു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നീറ്റ് പരിക്ഷയുടെ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകനായ സമീഖാനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കൊല്ലം കടയ്ക്കലിലെ ബാലസംഘം കോർഡിനേറ്റർ കൂടിയായ
സമീഖാൻ ഇതിന് മുമ്പും വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയതായി കണ്ടെത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സമിഖാൻ ഹൈക്കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റാണെന്നും കണ്ടെത്തി. ഇയാൾക്ക് പോലീസ് ഒത്താശ ചെയ്യുന്നതായി ആരോപിച്ച് കെഎസ്‌യുവും യൂത്ത് കോൺഗ്രസും കോൺഗ്രസും പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.

2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിനാണ് ഇയാൾ ശ്രമിച്ചത്. എന്നാല്‍, അന്ന് മാർക്ക് കുറവായതിനാൽ പ്രവേശനം നടന്നില്ല. പിന്നിടാണ് 2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയത്. നീറ്റ് പരീക്ഷയിൽ കേവലം 16 മാർക്ക് ലഭിച്ച ഇയാൾ 468 മാർക്ക് ലാഭിച്ചതായ വ്യാജ മാർക്ക് ലിസ്റ്റ് ആണ് ഉണ്ടാക്കിയത്. എംബിബിഎസ് പ്രവേശനം ലഭിക്കാതായതോടെ ഇയാൾ ഈ മാർക്ക് ലിസ്റ്റ് നിയമ പോരാട്ടത്തിനായി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് ഇയാളെ സഹായിച്ചവരെ ഇനി കണ്ടെത്തേണ്ടതുണ്ട്. സമാനമായ രീതിയിൽ മറ്റാരെങ്കിലും മാർക്ക് ലിസ്റ്റ് നിർമ്മിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതുണ്ട്.

എന്നാൽ അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നത് ആരോപിച്ച് കെഎസ് യുവും യൂത്ത് കോൺഗ്രസും കോൺഗ്രസും പ്രതിഷേധവുമായി എത്തി. തുടക്കം മുതൽ ഈ കേസിൽ പോലീസ് സമീഖാന് അനുകൂലമായ നിലപാടെടുക്കുന്നതായ ആരോപണം ശക്തമാണ്.