നടന്‍ ദിലീപിന്‍റെ വീട്ടില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന; നിർമ്മാണ കമ്പനിയിലും റെയ്ഡ്

Jaihind Webdesk
Thursday, January 13, 2022

 

കൊച്ചി: നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന. അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്.

ദിലീപിന്‍റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസിലും സഹോദരൻ അനൂപിന്‍റെ വീട്ടിലുമാണ് റെയ്ഡ്.  നാലു പൊലീസ് വാഹനങ്ങളിലായി റെവന്യൂ, ക്രൈം ബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ നിർദേശിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ദിലീപിനെ പരിചയപ്പെട്ടതു മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്‍റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മൊഴി നൽകിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.