ആലപ്പുഴയെ രക്തപ്പുഴയില്‍ മുക്കരുത്, സമാധാനം ഉറപ്പാക്കണം; പൊലീസ് നിഷ്ക്രിയമെന്ന് കെസി വേണുഗോപാല്‍ എംപി

ആലപ്പുഴ കൊലപാതക സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  ആലപ്പുഴയെ രക്തപ്പുഴയിൽ മുക്കരുതെന്നും സാഹചര്യങ്ങള്‍ വഷളാകാതെ നോക്കേണ്ടത് ആഭ്യന്തരവകുപ്പിന്‍റെ കർത്തവ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെസി വേണുഗോപാല്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

 

കെസി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ജന ജീവിതത്തിന് ഭീഷണിയായി ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ ഞെട്ടലുളവാക്കുന്നു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയും ക്രൂരമായ് വെട്ടിക്കൊന്നത് മണിക്കൂറുകളുടെ ഇടവേളയിലാണ്.

പൊതുവിടത്തിൽ അക്രമികൾ അഴിഞ്ഞാടുമ്പോഴും പൊലീസ് നിഷ്ക്രിയമായി മാറുന്നു. പരസ്പരം പോർവിളി ഉയർത്തുന്ന സംഘടനകൾ സ്വൈര്യജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും വെല്ലുവിളിയാണ്. മുൻ കാലങ്ങളിൽ കണ്ണൂരിലുൾപ്പെടെ പതിവായിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പാലക്കാട് ജില്ലയിലടക്കം തിരിച്ചു വരുന്നതാണ് ഏതാനും നാളുകളായി കാണുന്നത്. അടിയന്തരവും കർശനവുമായ ഇടപെടലിലൂടെ ഈ പ്രവണത തടഞ്ഞേപറ്റു. രണ്ടു സംഭവങ്ങളിലെയും ക്രിമിനലുകളെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കണം; സമാധാനം ഉറപ്പാക്കാൻ സർക്കാറും രാഷ്ട്രീയ കക്ഷികളും മുൻകയ്യെടുക്കണം. ആലപ്പുഴയെ രക്തപ്പുഴയിൽ മുക്കരുത്. സാഹചര്യം വഷളാവാതെ നോക്കേണ്ടത് ആഭ്യന്തര വകുപ്പിന്‍റെ കർത്തവ്യമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു.

Comments (0)
Add Comment