തിരുവനന്തപുരം പൊലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലിയ സംഭവത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ നടപടി. ആദ്യഘട്ടമായി എട്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കെതിരെ നടപടിക്കായി അതാത് മേഖലാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത്ത് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെയാണ് നടപടി.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചായിരുന്നു കഴിഞ്ഞദിവസം പോലീസുകാര്‍ ചേരിതിരിഞ്ഞ് അടികൂടിയത്. യു.ഡി.എഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.