വടിവാളുമായി അക്രമം, കടിച്ചുകീറാന്‍ നായ; ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് വീട്ടില്‍ കയറി പിടികൂടി

Jaihind Webdesk
Saturday, January 7, 2023

 

കൊല്ലം: ചിതറ മങ്കോട്ട് വടിവാളും വളർത്തുനായയുമായി തുടർച്ചയായി അതിക്രമം കാട്ടിയിരുന്നയാളെ പോലീസ് പിടികൂടി.
ചിതറ സ്വദേശി സജീവിനെയാണ് മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമത്തിനൊടുവിൽ പോലീസ് പിടികൂടിയത്. ആത്മഹത്യാ ഭീഷണി മുഴക്കിയും മാതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞും വളർത്തുനായയെ അഴിച്ചുവിട്ടും ഇയാൾ ഏറെ നേരം കസ്റ്റഡിയിൽ എടുക്കാനെത്തിയ പോലീസിനെ വട്ടംചുറ്റിച്ചു. അക്രമാസക്തനായ ഇയാൾ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. നായയെ അഴിച്ചുവിട്ടതോടെ പോലീസ് നായ പിടുത്തക്കാരുടെ സഹായവും തേടി. ഒടുവിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ പോലീസ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

റോട്ട് വീലർ നായയും കൈയില്‍ വടിവാളുമായി സ്ഥിരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു സജീവന്‍. വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അയല്‍വാസിയായ സുപ്രഭയുടെ വീട്ടിലെത്തി വീടും വസ്തുവും തന്‍റേതാണെന്ന് പറഞ്ഞുകൊണ്ടാണ്  സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വടിവാളും നായയുമായി എത്തിയതോടെ പ്രദേശവാസികള്‍ പോലീസിനെ വിളിച്ചെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വാള്‍ ചുഴറ്റിയും നായയെ പ്രകോപിപ്പിച്ചും സജീവന്‍ ആരെയും അടുപ്പിച്ചില്ല. വടിവാള്‍ വീശി കാറില്‍ കയറി പോയ ഇയാളുടെ പിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും നായകളെ അഴിച്ചുവിട്ട് ഗേറ്റ് പൂട്ടിയതിനാല്‍ കീഴടക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. സുപ്രഭയുടെ പരാതിയില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു സജീവന്‍ വടിവാളും നായയുമായി എത്തി വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഫയര്‍ഫോഴ്‌സിന്‍റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പോലീസിനും നാട്ടുകാര്‍ക്കും വീട്ടിനുള്ളില്‍ പ്രവേശിക്കാനായത്. ആത്മഹത്യ ചെയ്യുമെന്നും അമ്മയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയും വടിവാള്‍ വീശിയും വീട്ടിനുള്ളില്‍ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെനേരം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പിടികൂടിയത്. പലതവണ സജീവനെ പിടികൂടാനായി പോലീസ് വീടിനകത്ത് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ തിരിച്ചിറങ്ങേണ്ടി വന്നു. ഒടുവില്‍ മഫ്തിയില്‍ വീട്ടിനുള്ളില്‍ കയറിയ പോലീസുകാരില്‍ ഒരാള്‍ പിന്നില്‍ നിന്ന് സജീവനെ പിടികൂടി. പിന്നാലെ പോലീസും നാട്ടുകാരും സജീവനെ വളയുകയായിരുന്നു.  ബലം പ്രയോഗിച്ച് കൈവിലങ്ങണിയിച്ച് തോളിലിട്ടാണ് സജീവനെ പോലീസ്‌ ജീപ്പില്‍ കയറ്റിയത്. സജീവന്‍റെ അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു. സജീവന്‍റെ ആക്രമണത്തില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 54 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സജീവനെ പോലീസ് പിടികൂടിയത്.