മത്സ്യ ബന്ധന ബോട്ടുകൾ വഴി ആളുകൾ എത്താന്‍ സാധ്യത; തീരദേശ മേഖകലകളിൽ നിരീക്ഷണം ശക്തമാക്കി പോലീസും ഫിഷറീസ് വകുപ്പും

Jaihind News Bureau
Monday, April 6, 2020

തമിഴ് നാട്ടിൽ നിന്നും മത്സ്യ ബന്ധന ബോട്ടുകൾ വഴി ആളുകൾ എറണാകുളം ജില്ലയിൽ എത്തിച്ചേരാൻ സാധ്യത ഉള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ തീരദേശ മേഖകലകളിൽ പോലീസും ഫിഷറീസ് വകുപ്പും നിരീക്ഷണം ശക്തമാക്കി. അതേ സമയം, ലോക്ക് ഡൗൺ കാലത്ത് യന്ത്രവൽകൃത മത്സ്യ ബന്ധന യാനങ്ങൾ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നതിന് ജില്ലയിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും യന്ത്രവൽകൃത യാനങ്ങളുടെ സഞ്ചാരം ലോക്ക് ഡൗൺ തീരുന്നത് വരെയാണ് കർശനമായി നിയന്ത്രിച്ചിരിക്കുന്നത്. അന്യ സംസ്ഥാന രജിസ്ട്രേഷൻ ഉള്ള യന്ത്രവൽകൃത ബോട്ടുകൾ എറണാകുളം ജില്ലയിലെ ഒരു കരക്കടുപ്പിക്കൽ കേന്ദ്രത്തിലൊ ഹാർബറിലൊ അടുപ്പിക്കുവാൻ പാടുള്ളതല്ലല്ലെന്നും ഈ ബോട്ടുകളിൽ വന്ന ഏതെങ്കിലും മലയാളിക്ക് ജില്ലയിൽ പ്രവേശിക്കണം എന്നുണ്ടെങ്കിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

അന്യ സംസ്ഥാന രജിസ്ട്രേഷൻ ഉള്ള യന്ത്രവൽകൃത ബോട്ടുകൾക്ക് മറ്റെവിടെയെങ്കിലും പോകാൻ ഡീസൽ അടിക്കേണ്ടതായ സാഹചര്യത്തിൽ വൈപ്പിൻ ഫിഷെറീസ് സ്റ്റേഷനുമായി രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ബന്ധപ്പെടാൻ ഫിഷറീസ് വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരള രജിസ്ട്രേഷൻ ഉള്ളതും മാർച്ച് 24ന് മുൻപ് മത്സ്യ ബന്ധനത്തിന് പോയതുമായ യന്ത്രവൽകൃത ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പിന്‍റെ അനുമതിയോടെ മാത്രം ജില്ലയിലേക്ക് പ്രവേശിക്കാവുവെന്നും ആരോഗ്യ വകുപ്പിന്‍റെ പരിശോധനക്ക് ശേഷം മാത്രമെ മത്സ്യം ഇറക്കാൻ പാടുള്ളൂവെന്നും മത്സ്യലേലം ഒഴിവാക്കി വിപണനം നടത്താവുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.ഇത് ലംഘിക്കുന്ന ബോട്ടുകൾക്കും വ്യക്തികൾക്കും എതിരേ കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി കർശന നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.