പോക്‌സോ കേസില്‍ പ്രതിയായ സിപിഎം നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

Jaihind Webdesk
Wednesday, November 8, 2023


പോക്‌സോ കേസില്‍ പ്രതിയായതോടെ സിപിഎം മലപ്പുറം ജില്ല കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് കേസെടുത്തതോടെയാണ് പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പൊലീസാണ് കേസെടുത്തത്. തുടരന്വേഷണത്തിനായി കേസ് നല്ലളം പൊലീസിന് കൈമാറും. നല്ലളം പൊലീസ് നടത്തുന്ന അന്വേഷണത്തിനു ശേഷമാവും അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ക്ക് തീരുമാനം എടുക്കുക. മലപ്പുറം ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവാണ് വേലായുധന്‍ വള്ളിക്കുന്ന്. ജില്ലയിലെ പ്രധാന പ്രസംഗകനും കര്‍ഷക സംഘം നേതാവുമാണ്. പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോയതോടെ പാര്‍ട്ടി പ്രതിരോധത്തിലായതിനു പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.