രാജ്യത്ത് കൊവിഡ് മരണം 239 ആയി; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും

Jaihind News Bureau
Saturday, April 11, 2020

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിർണായക വീഡിയോ കോണ്‍ഫറൻസിംഗ് ഇന്ന്. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗൺ സാഹചര്യം പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. ഏപ്രിൽ 14 ന് ശേഷം ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഒരു പക്ഷെ ഇന്ന് ഉണ്ടായേക്കും.

പഞ്ചാബിൽ മേയ് 1 വരെയും ഒഡിഷയിൽ ഏപ്രിൽ 30 വരെയും ഇതിനോടകം ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 1,47,034 വ്യക്തികളുടെ സാമ്പിളുകൾ രാജ്യത്ത് ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. 24 മണിക്കൂറിനിടയിൽ രാജ്യത്ത് 40 കൊവിഡ് 19 മരണങ്ങളും 1035 പുതിയ കോവിഡ് രോഗികളും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇത്.

ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 7447 ആയി. രാജ്യത്ത് മൊത്തം 239 കൊവിഡ് മരണങ്ങൾ ഇതു വരെ റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജസ്‌ഥാനിൽ ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട നിർണായക യോഗം പുരോഗമിക്കുന്നു. മേയ് 1 വരെ രാജസ്‌ഥാനിലും ലോക്ക്ഡൗൺ നീട്ടാൻ സാധ്യത.