അലോക് വർമ്മയ്ക്ക് എതിരായ ആരോപണം : സെലക്ഷൻ കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു

Jaihind Webdesk
Thursday, January 10, 2019

Alok-Kumar-Verma

സിബിഐ ഡയറക്‌ടർ അലോക് വർമ്മയ്ക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉള്ള സെലക്ഷൻ കമ്മിറ്റി ഡൽഹിയിൽ യോഗം ചേർന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ, സുപ്രീം കോടതി ജഡ്ജി എ കെ സിക്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

45 മിനുട്ട് നീണ്ടു നിന്ന യോഗത്തിൽ തീരുമാനം ആയില്ല. അലോക് വർമ്മയ്ക്ക് എതിരായ ആരോപണങ്ങൾ അന്വേഷിച്ച വിജിലൻസ്‌ കമ്മീഷൻ റിപ്പോർട്ട് സമിതിയിലെ അംഗങ്ങൾക്ക് കൈമാറി. സിവിസി റിപ്പോർട്ടിന് അലോക് വർമ്മ നൽകിയ മറുപടിയും അംഗങ്ങൾക്ക് വിതരണം ചെയ്തു.

സിബിഐയിലെ വിവാദ സ്ഥലം മാറ്റങ്ങൾ അലോക് വർമ്മ റദ്ധാകിയതായും സൂചനയുണ്ട്.എംകെ സിൻഹ, എകെ ബസ്സി, എസ് എ ഗുരും തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ ആണ് പിൻവലിച്ചത്. ഒക്ടോബർ 24 ന് വർമ്മയെ നീക്കിയ ശേഷം എടുത്ത സ്ഥലം മാറ്റ തീരുമാനങ്ങൾ ആണ് റദ്ദാക്കിയത്.

പ്രധാനമന്ത്രിയടങ്ങുന്ന മൂന്നംഗ സമിതി നാളെയും യോഗം ചേർന്നേക്കും. വർമ്മയ്ക്ക് എതിരായ സിവിസി റിപ്പോർട്ടിന്റെ പകർപ്പ് മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു.ഡയറക്ടർ സ്ഥാനത്തു നഷ്ടമായ 77 ദിവസങ്ങൾ വർമ്മയ്ക്ക് നൽകണം, ആരോപണങ്ങളിൽ വിശദീകരണം നൽകാൻ വർമ്മയ്ക്ക് അവസരം നൽകണം എന്നിങ്ങനെയാണ് ഖാർഗെയുടെ ആവശ്യം. ഒക്ടോബർ 23, 24 തീയതികളിൽ സിബിഐയിൽ ഉണ്ടായ സംഭവങ്ങൾ അന്വേഷിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ട്.