മുത്തലാഖ്: വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം; ചിലര്‍ നടത്തുന്നത് കുപ്രചാരണം – പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Friday, December 28, 2018

മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ല എന്നതുമായി ബന്ധപ്പെട്ട് , ചിലര്‍ പ്രചാരണം നടത്തുന്നുണ്ടെന്നും, ഇത് വസ്തുതാപരമായി ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി ദുബായില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ , രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങള്‍ ഉള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നതെന്ന് കുഞ്ഞാലിക്കുട്ടി ദുബായില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വസ്തുത ഇതായിരിക്കെ, ചിലര്‍ കുപ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.