പിരപ്പന്‍കോട് തൊടുത്ത ശരം പിണറായിക്കും കൊണ്ടു; എഴുത്ത് നിർത്തണമെന്ന് പാർട്ടി, പറ്റില്ലെന്ന് പിരപ്പന്‍കോട്; പുറത്താക്കാന്‍ നീക്കം

Jaihind Webdesk
Sunday, May 15, 2022

തിരുവനന്തപുരം : മുതിർന്ന നേതാവ് പിരപ്പൻകോട് മുരളിയെ സിപിഎം പുറത്താക്കിയോക്കും. ആത്മകഥയിൽ പിണറായിക്കും കോലിയക്കോട് കൃഷ്ണൻനായർക്കും എതിരെയുള്ള ഗുരുതര വിമർശനമാണ് കാരണം. അതേസമയം ആത്മകഥ എഴുത്ത് നിർത്തണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എന്നാൽ താൻ ഒരടി പിന്നോട്ടില്ലെന്നും എഴുത്ത് തുടരുമെന്നും പിരപ്പൻകോട് മുരളി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും കോലിയക്കോട് കൃഷ്ണൻനായർക്കുമെതിരെ അതിനിശിതമായ വിമർശനവും ഗുരുതര വെളിപ്പെടുത്തലുമാണ് ആത്മകഥയിൽ പിരപ്പൻകോട് മുരളി എഴുതിയിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസാധകൻ മാസിക പിണറായിയുടെ നിർദേശത്തെ തുടർന്ന് പിആർഡി ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തിച്ചു. ആത്മകഥയുടെ പേര് എന്‍റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്നാണ്. നാല്‍പത് പതിപ്പ് കഴിഞ്ഞ ആത്മകഥയിൽ സിപിഎം ജീർണതയിൽ പിണറായിയും കോലിയക്കോട് കൃഷ്ണൻനായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പ്രസാധകൻ മാസികയിലെ പിരപ്പൻകോടിന്‍റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ സിപിഎം പ്രതിരോധത്തിലായി.  ഇതോടെ ആത്മകഥ എഴുത്ത് നിറുത്തണമെന്നാവശ്യവുമായി പിരപ്പൻകോട് മുരളിയെ സമീപിച്ചിരിക്കുകയാണ് സിപിഎം ജില്ലാ കമ്മിറ്റി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സിപിഎം ജില്ലാ കമ്മിറ്റി പിരപ്പൻകോട് മുരളിയെ സമീപിച്ചത്. ആത്മകഥ എഴുത്ത് തുടരുമെന്നും ഒരു കാരണവശാലും എഴുത്ത് നിർത്തില്ലെന്നും ജില്ലാ കമ്മിറ്റിക്ക് പിരപ്പൻകോട് മുരളി മറുപടി നൽകി. ഇതിനെ തുടർന്നാണ് പിരപ്പൻകോട് മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം പിരപ്പൻകോട് മുരളിക്കെതിരെ നടപടിയുണ്ടാകും. ആത്മകഥ തുടരാനുള്ള പിരപ്പൻകോട് മുരളിയുടെ തീരുമാനത്തോടെ എൽആർ ഷാജിയുടെ പ്രസാധകൻ മാസിക പിണറായിയുടെ നിരിക്ഷണത്തിലായി.

പിണറായി-വി.എസ് പോരിനിടയിൽ തെറിച്ചുപോയതാണ് പിരപ്പൻകോടിന്‍റെ രാഷ്ട്രീയ ഭാവി. പണ്ട് നടന്ന കാര്യങ്ങളെല്ലാം പിരപ്പൻകോട് തുറന്ന് എഴുതുകയാണ്. കോലിയക്കോട് കൃഷ്ണൻ നായരുടെ കുതികാൽ വെട്ടിനെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളേയും കുറിച്ച് തുറന്നെഴുതുകയാണ് പിരപ്പൻകോട് മുരളി. ഇതെല്ലാം ചെന്നുകൊള്ളുന്നത് പിണറായിയുടെ നേർക്കും. പ്രസാധകന്‍റെ പുതിയ ലക്കത്തിൽ വന്ന വിവരങ്ങളാണ് കളം ചൂടുപിടിപ്പിച്ചത്. പിരപ്പൻകോട് മുരളിയുടെ ആത്മകഥയിൽ അടി കൊണ്ടവന്‍റെ മറക്കാത്ത ചൂരൽപ്പാടാണ് തെളിയുന്നത്. വെള്ളം ചുമ്മുന്നവന്‍റെയും വിറകുവെട്ടുന്നവന്‍റെയും അന്ത്യം ഇങ്ങനെയാവുമെന്ന് ആത്മകഥ വിവരിക്കുന്നു. ആത്മകഥയുടെ വരാനിരിക്കുന്ന ഭാഗങ്ങൾ പിണറായിയുടെ ഉറക്കം കെടുത്തും എന്നാണ് റിപ്പോർട്ട്.

പ്രസാധകന്‍റെ അടുത്ത ലക്കത്തിലെ പിരപ്പൻകോട് മുരളിയുടെ ആത്മകഥയുടെ ഭാഗം പുറത്തുവരുന്നതിന് മുമ്പ് പിരപ്പൻ കോടിനെ പുറത്താക്കണം എന്നാണ് പിണറായി ഭക്തരുടെ ആവശ്യം. വി.എസ് അച്യുതാനന്ദന് ഏറ്റവും വേരോട്ടമുള്ള എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം അതിന് അനുയോജ്യമല്ല എന്ന് മറ്റാരേയുംകാൾ നന്നായി പിണറായിക്കറിയാം. പ്രസാധകന്‍റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.