‘വോട്ടിന് വേണ്ടി നാടാർ സമുദായത്തെ വഞ്ചിച്ചു, മുഖ്യമന്ത്രി മാപ്പ് പറയണം’ : കെ മുരളീധരന്‍ എം.പി

Jaihind Webdesk
Sunday, August 8, 2021
തിരുവനന്തപുരം : നാടാർ സംവരണത്തിൽ വോട്ടിന് വേണ്ടി പിണറായി വിജയൻ നാടാർ സമുദായത്തെ വഞ്ചിച്ചുവെന്ന് കെപിസിസി പ്രചാരണസമിതി ചെയർമാന്‍ കെ മുരളീധരൻ എം.പി. വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങാൻ വാക്സിൻ – ആർടിപിസിആർ രേഖയും വേണമെന്ന നിബന്ധനയിൽ വിഡ്ഡിത്തരങ്ങളിൽ ഉൾപ്പെടെ പിണറായി  ടച്ച് ആണ് കാണുന്നതെന്നും കെ മുരളീധരൻ എം പി പരിഹസിച്ചു.
നാടാർ സംവരണം തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി പിണറായി കളിച്ചനാടകമാണെന്ന് കെ മുരളീധരൻ എം.പി വിമർശിച്ചു. സംവരണം നടപ്പാക്കാനാകില്ലെന്ന് നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടും  നാടാർ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പിണറായി ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയ്ത തെറ്റിന് മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനം നേരിടുന്ന വാക്സിൻ ക്ഷാമത്തിൽ ആരോഗ്യ മന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രിയെ കാണാൻ യുഡിഎഫ് എം.പിമാർ തയാറാണെന്നും ആരോഗ്യമന്ത്രി ഇതിന് തയാറുണ്ടോയെന്നും കെ മുരളീധരൻ എം.പി ചോദിച്ചു. പുറത്തിറങ്ങാൻ വാക്സിൻ – ആർടിപിസിആർ രേഖയും വേണമെന്ന നിബന്ധനയിൽ ആലോചനകൾ ഇല്ലാതെ ഒറ്റയടിക്ക് ആണ് സർക്കാർ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ സംസ്ഥാനം കൂട്ട ആത്മഹത്യയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.