‘കാര്യങ്ങള്‍ മനസിലാക്കി കളിച്ചില്ലെങ്കില്‍ നേരിടാനറിയാം’ ; വ്യാപാരികളോട് മുഖ്യമന്ത്രിയുടെ ഭീഷണി , ആവശ്യം തള്ളി

Jaihind Webdesk
Tuesday, July 13, 2021

ന്യൂഡല്‍ഹി : വ്യാപാരികളുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സാഹചര്യത്തില്‍ കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കില്ല. വ്യാപാരികളുടെ ആവശ്യം മനസിലാകും. മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്നും മുഖ്യമന്ത്രിയുടെ ഭീഷണി.

അതേസമയം വ്യാഴാഴ്ച മുതല്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. സർക്കാർ ഇപ്പോൾ നൽകുന്ന ഇളവുകൾ പര്യാപ്തമല്ല. പെരുന്നാൾ വരെയെങ്കിലും ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടി.പി.ആര്‍ അടിസ്ഥാനമാക്കി നിയന്ത്രങ്ങള്‍ കടുപ്പിച്ചതോടെ സംസ്ഥാനത്ത് കച്ചവടക്കാര്‍ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങള്‍ വന്നതോടെ നഷ്ടപ്പെട്ടു. കോഴിക്കോട് മിഠായിതെരുവില്‍ അഞ്ചു മാസത്തിനിടയില്‍ അഞ്ചു കോടിയുടെ നഷ്ടമാണുണ്ടായത് എന്നും വ്യാപാരികൾ പറയുന്നു.

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് ഇടപെട്ടാണ് നീക്കിയത്. കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇവിടെ തുറക്കാന്‍ അനുമതി. അതേസമയം, സാധാരണഗതിയില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ വലിയ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.