‘പിണറായി വിജയന്‍ കൊടുവാൾ കൊണ്ട് വെട്ടി, കഴുത്തിനുള്ള വെട്ട് കൈയിലേറ്റു’; വിവരിച്ച് കണ്ടോത്ത് ഗോപി

Jaihind Webdesk
Saturday, June 19, 2021

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍കാല ചരിത്രം പറഞ്ഞ് കണ്ണൂര്‍ ഡിസിസി സെക്രട്ടറി കണ്ണോത്ത് ഗോപി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ പത്രസമ്മേളനത്തിനിടെയാണ് കണ്ണോത്ത് ഗോപി തന്‍റെ അനുഭവം മാധ്യമങ്ങളോട് പറഞ്ഞത്.  പിണറായി വിജയന്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയിയെന്ന കാര്യമാണ് ഗോപി വിവരിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 തൊഴിലാളികളെ 77 ല്‍ കേരളത്തില്‍ പികെവിയുടെ ഭരണമുള്ള സമയം, കേന്ദ്രത്തില്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പിരിച്ചുവിട്ടു. അന്ന് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സിന്‍റെ സംസ്ഥാന അധ്യക്ഷനായിരുന്നു ഞാന്‍. എന്‍ രാമകൃഷ്ണന്‍ പ്രസിഡന്‍റും. ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചരണ ജാഥ നടത്താന്‍ തീരുമാനിച്ച്. ഓലയമ്പലം ബസാറില്‍ നിന്ന് വെണ്ടുട്ടായിയിലേക്ക് ആയിരുന്നു ജാഥ.

പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ആയുധധാരികളായ മുപ്പതോളം ആളുകള്‍ എതിരെ വന്നു. പിണറായി വിജയന്‍ മുന്‍പിലുണ്ട്. കൊടുവാള്‍ അയാളുടെ കയ്യിലുണ്ട്. താനാണോടോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച് കൊടുവാള്‍ കൊണ്ട് എന്നെ വട്ടി. കഴുത്തിന് നേരെ വെട്ടിയപ്പോള്‍ കൈകൊണ്ട് തടുത്തപ്പോള്‍ മുറിവുണ്ടായി. ആ മുറിവാണ് ഇത്.

അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി പിപി മുകുന്ദനാണ് ഉദ്ഘാടകന്‍. അന്നത്തെ നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് ഇറങ്ങിയപ്പോഴും എനിക്ക് നേരെ ആക്രമണമുണ്ടായി. പിണറായി വിജയനാണ് എന്നെ കൊത്തിയതെന്ന് അന്ന് പൊലീസിനോട് പറഞ്ഞു. അന്നത്തെ ഡിവൈഎസ്പിയോടും സിഐയോടും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ധര്‍മ്മടം പൊലീസ് സ്റ്റേഷനിലടക്കം സ്വാധീനം ചെലുത്തി പിണറായി ആ കേസ് തേച്ചുമാച്ചു കളഞ്ഞു. എഫ്ഐആര്‍ ഇടാന്‍ പോലും പൊലീസ് തയാറായില്ലെന്നും കണ്ണോത്ത് ഗോപി പറഞ്ഞു.