പ്രതിഷേധ തിരയില്‍ മുങ്ങി പിണറായി സർക്കാർ ; ശക്തമായ താക്കീതായി രമേശ് ചെന്നിത്തലയുടെ ഉപവാസം

Jaihind News Bureau
Thursday, February 25, 2021

 

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാരിന്‍റെ ആഴക്കടല്‍ കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ നടത്തിയ സത്യഗ്രഹത്തില്‍ ഇടതുസർക്കാരിനെതിരെ പ്രതിഷേധമിരമ്പി. സർക്കാരിനെതിരായ തീരദേശ ജനതയുടെ വികാരം പ്രതിഫലിക്കുന്നതായിരുന്നു സത്യഗ്രഹത്തിന് ലഭിച്ച വലിയ ജനപിന്തുണ. ആയിരങ്ങളാണ് പ്രതിപക്ഷനേതാവിന്‍റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്.

രാവിലെ 9 മണിക്കാണ് രമേശ് ചെന്നിത്തല സത്യഗ്രഹം ആരംഭിച്ചത്. കേരളത്തിന്‍റെ മത്സ്യസമ്പത്ത് വിദേശ കമ്പനിക്ക് തീറെഴുതുന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക,  വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം.  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി ഫോണിലൂടെ ആശംസയര്‍പ്പിച്ചു.

ഓഖി തകർത്തെറിഞ്ഞ തലസ്ഥാന നഗരിയിലെ പൂന്തുറയിലെ തീരദേശവാസികള്‍ മാത്രമല്ല, മത്സ്യബന്ധനം നടത്തുന്ന സാധാരണ മത്സ്യത്തൊഴിലാളികളും ആഴക്കടല്‍ മത്സ്യബന്ധനം അമേരിക്കയിലെ വന്‍കിട കുത്തകകള്‍ക്ക് വിറ്റ പിണറായി സർക്കാരിന്‍റെ നയത്തെ ആശങ്കയോടെയാണ് കാണുന്നത്. ഈ ആശങ്കയുടെ പ്രതിഫലനമായിരുന്നു സത്യഗ്രഹത്തിന് പിന്തുണയുമായെത്തിയ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍. ഈ പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം യു.ഡി.എഫ് ഉണ്ടെന്ന പ്രഖ്യാപനമായിരുന്നു യോഗത്തില്‍ സംസാരിച്ചവരെല്ലാം വ്യക്തമാക്കിയത്. കടലിന്‍റെ മക്കള്‍ ഒറ്റയ്ക്കല്ല, യു.ഡി.എഫ് അവരോടൊപ്പമുണ്ടെന്ന വിശ്വാസത്തോടെയാണ് ഉപവാസം അവസാനിച്ചത്. ഇനിയുള്ള നാളുകള്‍ സര്‍ക്കാരിന് വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായി മാറി ഉപവാസ സമരം.

സത്യഗ്രഹത്തിന്‍റെ സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ സുധാകരന്‍ എം.പി, കെ.വി തോമസ്, വൈസ് പ്രസിഡന്‍റുമാരായ ഡോ. ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, ടി സിദ്ദിഖ്, എം.പിമാരായ ശശിതരൂര്‍, ടിഎന്‍ പ്രതാപന്‍, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം വിന്‍സന്‍റ്, ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, ഷാനിമോള്‍ ഉസ്മാന്‍, ഡി.സി.സി പ്രസിഡന്‍റുമാരായ നെയ്യാറ്റിന്‍കര സനല്‍, ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ.പി അനില്‍കുമാര്‍, എം.എം നസീര്‍, മണക്കാട് സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.