ഭരണപരാജയത്തിന്‍റെ മൂന്ന് വര്‍ഷങ്ങള്‍; പ്രതിഛായ നഷ്ടമായി പിണറായി സര്‍ക്കാര്‍

Jaihind Webdesk
Saturday, May 25, 2019

ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഭരണപരാജയവും ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ വലിയ തോല്‍വിയും മൂലം പിണറായി സര്‍ക്കാരിന് കനത്ത പ്രതിച്ഛായ നഷ്ടമാണ് സംഭവിച്ചത്. തൊട്ടതെല്ലാം പിഴച്ച സര്‍ക്കാരിന് വിവിധ വിഷയങ്ങളിലുള്ള തലതിരിഞ്ഞ നിലപാടുകള്‍ കാരണം പൊതുസമൂഹത്തിന് മുമ്പില്‍ വിശ്വാസ്യതയും നഷ്ടമായി.

2016 മെയ് 25ന് എല്ലാം ശരിയാക്കാനായി സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആദ്യം മുതല്‍ തന്നെ വിവാദങ്ങളില്‍ ആടിയുലഞ്ഞ സര്‍ക്കാരിന് വിവിധ ആരോപണങ്ങളില്‍ പെട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനടക്കം മൂന്ന് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടി വന്നത്. മൂന്നാറിലടക്കമുള്ള ഭൂമി വിവാദങ്ങളും മുന്നണിയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ഒരു ഘട്ടത്തില്‍ സി.പി.ഐ മന്ത്രിമാര്‍ സമാന്തര ക്യാബിനറ്റ് യോഗം ചേര്‍ന്ന് എതിര്‍പ്പ് രേഖപ്പെടുത്തിയത് മന്ത്രിസഭയുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടമായി. പിന്നീട് വന്ന ഓഖിയും പ്രളയവും കേരളത്തില്‍ സംഹാര താണ്ഡവമാടിയപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുന്ന കാഴ്ചയും കേരളസമൂഹം കണ്ടു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ ഏറെ കൊട്ടിഘോഷിച്ച് വിളിച്ചുചേര്‍ത്ത ലോക കേരളസഭയുടെ പ്രവര്‍ത്തനവും എങ്ങുമെത്തിയില്ല. ദേശീയപാതാ വികസനമെന്ന പേരില്‍ വയല്‍ നികത്തിയുള്ള റോഡ് നിര്‍മാണത്തെ എതിര്‍ത്ത കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പുച്ഛിച്ച് തള്ളിയ സി.പി.എം സംസ്ഥാനമൊട്ടാകെ ഭൂമി കയ്യേറ്റങ്ങള്‍ക്ക് കുടപിടിക്കുകയായിരുന്നു.

കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യവികസനത്തിനെന്ന പേരില്‍ നിലവില്‍ പുറത്തിറക്കിയ മസാല ബോണ്ടിലും വിവാദം കത്തുകയാണ്. ഇതിനെല്ലാം പുറമേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാര്‍ഷ്ട്യവും സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചതും തെരെഞ്ഞെടുപ്പിലെ വലിയ തോല്‍വിയും ഇടതുമുന്നണിയുടെയും സര്‍ക്കാരിന്‍റെയും നിലനില്‍പിനെ ബാധിച്ചുവെന്ന വിലയിരുത്തലാണ് മൂന്നുവര്‍ഷം തികയ്ക്കുന്ന ഇടതുഭരണത്തെ ആശങ്കയിലാഴ്ത്തുന്നത്.