‘സെഞ്ച്വറി അടിക്കാന്‍ ഇറങ്ങിയ പിണറായി ക്ലീന്‍ ബൗൾഡ്’; ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, June 3, 2022

തിരുവനന്തപുരം: സെഞ്ച്വറി അടിക്കാൻ വന്ന പിണറായി വിജയന്‍ തൃക്കാക്കരയില്‍ ക്ലീൻ ബൗൾഡ് ആയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഒരു ഭരണകൂടം മുഴുവൻ നേതൃത്വം കൊടുത്തിട്ടും തൃക്കാക്കരയിലെ ജനം എൽഡിഎഫിനെ തള്ളിക്കളഞ്ഞു. ജനദ്രോഹ നയം തുടരുന്ന പിണറായി സർക്കാരിനെതിരായ വിധിയാണ് ഇതെന്നും സർക്കാരിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജാതിയും മതവും പറഞ്ഞ് മന്ത്രിമാരുൾപ്പെടെ വീടുകൾ കേറിയിറങ്ങിയിട്ടും ജനം പാടെ തളളിക്കളഞ്ഞ് ഉമാ തോമസിന് വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് തൃക്കാക്കരയിൽ പ്രവർത്തിച്ചത്. കെ റെയിലിനെതിരായ ജനവികാരം എടുത്തുപറയേണ്ട കാര്യമാണ്. ദുർഭരണത്തിനെതിരെ ജനം പ്രതികരിച്ചതിന്‍റെ തെളിവാണ് തൃക്കാക്കരയിൽ കണ്ടത്.

ഇനി ഒരിക്കലും മഞ്ഞക്കല്ലിടാൻ സർക്കാർ ഒരുങ്ങരുത്. തൃക്കാക്കരയിലൂടെ സർക്കാർ പാഠം പഠിക്കുമെന്ന് കരുതുന്നു. ജനവിധിയെ വിനീതമായി സ്വീകരിക്കുന്നു. ജനങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. യുഡിഎഫിന്‍റെ ശക്തമായ തിരിച്ചുവരവിനാണ് തൃക്കാക്കര വഴിയൊരുക്കുന്നത്. ഉമാ തോമസിനെ വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.