മണ്ണിടിച്ചില്‍ സാധ്യത : മകരജ്യോതി ദര്‍ശിക്കുന്നതിന് ഭക്തർ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു

Jaihind News Bureau
Saturday, January 11, 2020

മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മകരജ്യോതി ദര്‍ശനം നടത്തുന്നതിന് തീര്‍ഥാടകര്‍ പമ്പയിലെ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.
ഹില്‍ടോപ്പില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്‍റെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് എന്‍എസ്‌കെ ഉമേഷിന്‍റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.

തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ദേവസ്വം ബോര്‍ഡ് അടിയന്തിരമായി ബാരിക്കേഡുകള്‍ നിര്‍മിക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യമായ പോലീസുകാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഏകോപിപ്പിക്കും.
2018 ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേസ് ക്യാമ്പ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഫലപ്രദമായി നിലയ്ക്കലേക്കു മാറ്റിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷവും മകരജ്യോതി ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.