ശബരിമല തീർത്ഥാടനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം വിളിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, December 10, 2022

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്ന് ഉയർന്ന് വന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടിസി സർവ്വീസുമായി ബന്ധപ്പെട്ട് അമിതമായ ചാർജ്ജ് ആണ് ഈടാക്കുന്നതെന്നും യു.ഡി.എഫ് സർക്കാരിൻ്റെ സമയത്തേത് പോലെ സ്പെഷ്യൽ ചാർജ്ജ് പൂർണ്ണമായും പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിലക്കൽ പമ്പ- ചെയിൻ സർവ്വീസിനായി ഉപയോഗിക്കുന്ന ബസ്സുകൾക്ക് യാതൊരു ഗുണനിലവാരമോ ക്ഷമതയോ ഇല്ലെന്നും, കോവിഡ് കാലത്ത് ഷെഡിൽ കയറ്റി ഇട്ടിരുന്ന ബസ്സുകൾ ചെറിയ അറ്റകുറ്റപണി മാത്രം നടത്തി പെയിൻ്റിംഗ് പോലും നടത്താതെ ഉപയോഗിക്കുന്നത് മൂലം നിരന്തരം ബസ്സുകൾ കേടാവുകയും ഇത് മൂലം വലിയ ദുരിതമാണ് തീർത്ഥാടകർക്ക് അനുഭവപ്പെടുന്നത് എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

നിലക്കൽ പമ്പറൂട്ടിലെ ശബരിമല തീർത്ഥാടകരിൽ നിന്നും ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കാണ് ആദ്യഘട്ടത്തിൽ തന്നെ ഈ ടാക്കുന്നത്. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞ് തിരികെ പമ്പയിലെത്തുന്ന തീർത്ഥാടകരിൽ പലർക്കും മടക്കയാത്രയിൽ ടിക്കറ്റ് നഷ്ടപ്പെടാറുണ്ട്. ഇതിനെ തുടർന്ന് വീണ്ടും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഇവരുത്തുന്നതിലൂടെ തീർത്ഥാടകർക്ക് ഉണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്. ഇതിന് പരിഹാരം കാണണം.

പമ്പയിലും നിലയ്ക്കലിലും താൽക്കാലിക ഷെഡുകളിലാണ് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. തിക്കും തിരക്കും കൂടുന്ന സാഹചര്യത്തിൽ ദുർബലമായ ഈ ഷെഡുകളിൽ പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറുകൾ വലിയ അപകട സാധ്യത വിളിച്ചു വരുത്തുമെന്നും ഇക്കാര്യത്തിൽ അടിയന്തര ബദൽ ക്രമീകരണം ഏർപ്പെടുത്തണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പലപ്പോഴും 100 മുതൽ 150 വരെയുള്ള തീർത്ഥാടകരെ കുത്തിനിറച്ചാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തുന്നതെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കണ്ടക്ടർമാരില്ലാതെ ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവ്വീസുകൾ നടത്തുന്ന തെന്നും ശബരിമല തീർത്ഥാടന കാലഘട്ടം പരീക്ഷണശാലയാക്കി മാറ്റുന്നത് ഒരിക്കലും നീതികരിക്കാനാകില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശബരിമല തീർത്ഥാടകർ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്തിയുടെ സാനിധ്യത്തിൽ വിവിധ വകുപ്പുകളുടെ ഒരു അവലോകനയോഗം പമ്പയിൽ വച്ച് തന്നെ വിളിച്ചു ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.