ശ്രീമതിക്കും ജയരാജനുമെതിരെ ഗൂഢാലോചനയ്ക്കും കലാപാഹ്വാനത്തിനും കേസെടുക്കണം; കോടതിയില്‍ ഹർജി

Jaihind Webdesk
Saturday, July 30, 2022

തിരുവനന്തപുരം: എകെജി സെന്‍റർ സംഭവത്തില്‍ ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കലാപ ആഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായ്ചിറ നവാസാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.

പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹർജി നല്‍കിയത്. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 12 ന് കന്‍റോണ്‍മെന്‍റ് പോലീസിലും തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്കും ഹർജിക്കാരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടിയും ഇതുവരെ സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ നേരിട്ട് കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.