ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതി; നിർമാണത്തിലെ അശാസ്ത്രീയത മൂലം കുടിവെള്ളം നാട്ടുകാർക്ക് ഇന്നും കിട്ടാക്കനി

Jaihind News Bureau
Tuesday, November 24, 2020

ലക്ഷം രൂപ മുടക്കിയ കുടിവെള്ള പദ്ധതിയിൽ നിന്നും ഒരു ദിവസം പോലും കുടിവെള്ളം കിട്ടാതെ നാട്ടുകാർ. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി ചെമ്പകപ്പാറ ഗ്രാമവാസികൾ ആണ് സർക്കാർ പദ്ധതി വന്നിട്ടും കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്.

ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും ചേർന്ന് 10 ലക്ഷം രൂപയാണ് ചെമ്പകപ്പാറ കുടിവെള്ള പദ്ധതിക്കായി നീക്കിവെച്ചത്. പ്രദേശത്തേ അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുവാൻ ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചത്. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം ലക്ഷങ്ങൾ മുടക്കിയിട്ടും ഒരു ദിവസം പോലും കുടിവെള്ളം കിട്ടിയില്ല എന്നാണ് നാട്ടുകാരുടെ പരാതി

400 മീറ്റർ മാറി മലയടിവാരത്തിലെ കുളത്തിൽനിന്നും വെള്ളം പമ്പ് ചെയ്ത് പ്രധാന ടാങ്കിലെത്തിക്കാൻ രണ്ടിഞ്ച് പൈപ്പ് ഉപയോഗിച്ചെങ്കിലും വിതരണത്തിനായി വളരെ വിസ്തൃതി കുറഞ്ഞ ഒന്നേകാൽ ഇഞ്ച് പൈപ്പ് ഉപയോഗിച്ചതാണ് ജല വിതരണത്തിലെ അപാകത യായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

കുളത്തിൽ നിന്നും 400 മീറ്റർ ദൂരെയുള്ള പ്രധാന ടാങ്കിലേക്ക് ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപയാണ് ചെലവായത് എന്നാൽ സമീപത്തെ മറ്റൊരു ടാങ്കിലേക്ക് 100 മീറ്റർ ദൂരത്തിൽ ഒന്നേകാൽ ഇഞ്ച് പിവിസി പൈപ്പ് സ്ഥാപിക്കുന്നതിനായി മറ്റൊരു 5 ലക്ഷം രൂപ കൂടി ചെലവാക്കിയത് നിർമാണത്തിലെ ക്രമക്കേടായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .നിർമ്മാണ സമയത്ത്തന്നെ അധികൃതരെ ഇക്കാര്യം ബോധ്യമാക്കിയെങ്കിലും പിന്നീട് അധികൃതർ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.വേനൽ കടുക്കുന്നതോടെ കുടിവെള്ളത്തിന് എന്തുമാർഗ്ഗമെന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങൾ അടിയന്തിരമായി അധികൃതർ ഇടപെട്ട് പോരായ്മകൾ പരിഹരിച്ച് പ്രദേശവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.