വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വാർധക്യ പെൻഷൻ സിപിഎം നേതാവ് തട്ടിയെടുത്തു; തട്ടിപ്പ് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍

Jaihind News Bureau
Sunday, May 3, 2020

 

കോഴിക്കോട് : വീട്ടമ്മയുടെ വാർധക്യ പെൻഷൻ സിപിഎം ലോക്കൽ സെക്രട്ടറി വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴിക്കോട് ചേമഞ്ചേരി ഒറവങ്കര സ്വദേശി സലീനയ്ക്കാണ് പണം നഷ്ടപ്പെട്ടത്. ചേമഞ്ചേരിയില്‍ സിപിഎം ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് കളക്ഷന്‍ ഏജന്‍റായ  സിപിഎം ലോക്കൽ സെക്രട്ടറി പണം തട്ടിയെടുത്തത്.

ചേമഞ്ചേരി പഞ്ചായത്തിൽ സര്‍വീസ് സഹകരണ ബാങ്ക് വഴിയാണ് പഞ്ചായത്ത് പെന്‍ഷന്‍ നല്‍കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പെന്‍ഷന്‍ വാങ്ങാന്‍ വീട്ടമ്മയായ സലീനക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പെന്‍ഷന്‍ കൈപ്പറ്റാനായി എത്തിയപ്പോഴാണ് രണ്ടു മാസത്തെ തുകയായ 2400 രൂപ ബാങ്കില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയതായി കണ്ടെത്തിയത്.

നേരിട്ട് അക്കൗണ്ടിലേക്ക് പണം വരുന്നതിന് മുന്‍പുള്ള രണ്ട് മാസത്തെ തുകയാണ് സലീനക്ക് നഷ്ടമായത്. വിഷയത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ കളക്ഷൻ ഏജന്‍റി നെതിരെ പ്രതിഷേധം ശക്തമാണ്. പെൻഷൻ തട്ടിയെടുത്തതിൽ സലീന പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.