“പോന്നീടൂ പോർക്കളം മാറ്റിമറിക്കാം…” തെരഞ്ഞെടുപ്പ് പ്രചരണ ഗാനവുമായി പി.സി വിഷ്ണുനാഥ്

Jaihind News Bureau
Wednesday, March 10, 2021

കൊച്ചി : തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി പ്രവർത്തകരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്നതാണ് പ്രചരണ ഗാനങ്ങൾ. പാരഡിഗാനങ്ങൾ അടക്കം നിരവധി തെരഞ്ഞെടുപ്പ് ഗാനങ്ങളാണ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും മലയാളിയുടെ കാതുകളിലെത്തുക. ഇത്തവണത്തെ യു.ഡി.എഫിൻ്റെ ആദ്യ പ്രചരണ ഗാനം ആലപിച്ചുകൊണ്ട് എഐസിസി സെക്രട്ടറിയും കെപിസിസി വൈസ് പ്രസിഡന്‍റുമായ പി.സി വിഷ്ണുനാഥ് തന്നെ പ്രചരണം കൊഴുപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പോർമുഖങ്ങളിൽ പ്രചരണ ഗാനങ്ങൾ എന്നും മലയാളിയെ ആവേശത്തിലാക്കുന്നവയാണ്. തങ്ങളുടെ പാർട്ടിയെ പ്രകീർത്തിച്ചും എതിരാളികളുടെ പോരായ്മകൾ എണ്ണി പറഞ്ഞുമാണ് ഓരോ ഗാനവും പുറത്തിറങ്ങുക. അതിന് ഇടതെന്നോ വലതെന്നോ വ്യത്യാസമുണ്ടാവാറില്ല. ‘പോന്നിടൂ പോര്‍ക്കളം മാറ്റിമറിക്കാം… പോരടിച്ച് കൊടിപിടിച്ച് ഭേരി മുഴക്കാം…’ എന്നാരംഭിക്കുന്ന വരികളാണ് വിഷ്ണുനാഥ് യു.ഡി.എഫിന് വേണ്ടി പാടിയിരിക്കുന്നത്.

യുഡിഎഫിനായി ഒരുങ്ങുന്ന തെരഞ്ഞെടുപ്പ് ഗാനം ഉടൻ തന്നെ ജനങ്ങളിലെത്തും. ‘നാട് നന്നാവാന്‍ യുഡിഎഫ്’ എന്ന ടാഗ്​ലൈനും പാട്ടിന്‍റെ ഭാഗമാകുന്നുണ്ട്. മാധ്യമ പ്രവർത്തകൻ ഷൈബിന്‍ നന്മണ്ട എഴുതിയ വരികൾക്ക് ഈണം ഒരുക്കുന്നത് പ്രകാശ് അലക്‌സാണ്. കൊച്ചിയിലെ സ്റ്റുഡിയോയിലാണ് റെക്കോർഡിംഗ് നടന്നിരിക്കുന്നത്. ഇനി കേരളത്തിലെ ഒരോ മുക്കിലും മൂലയിലും ഇത്തരം ഗാനങ്ങൾ നിറയുമ്പോൾ തെരഞ്ഞെടുപ്പ് അങ്കം അതിൻ്റെ പരകോടിയിലെത്തും.