‘കെ.കെ രമയെ സഭയിലെത്തിക്കണമെന്നുറച്ച രാഷ്ട്രീയം കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുപോകും ; വിനിതയ്ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം’

Jaihind Webdesk
Monday, May 31, 2021

തിരുവനന്തപുരം : സിപിഎം വേട്ടയാടലിനിരയായ മാധ്യമപ്രവർത്തക വിനീത വേണുവിനും കുടുംബത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ്  പി.സി വിഷ്ണുനാഥ് എം.എല്‍.എ. ഏറെ അസ്വസ്ഥതയോടെയാണ്  വിനീതയുടെയും കുടുംബത്തിന്റെയും വേദനകൾ  കേട്ടറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

51 വെട്ടുവെട്ടി സി.പി.എം കൊന്നുകളഞ്ഞ, തന്‍റെ പ്രിയപ്പെട്ടവന്‍റെ ചിത്രം പതിച്ച് പ്രതിജ്ഞ ചെയ്ത കെ.കെ രമയെ നിരുപാധിക പിന്തുണയോടെ നിയമസഭയിലെത്തിക്കണമെന്നുറച്ച രാഷ്ട്രീയത്തെ കോൺഗ്രസ്‌ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോവും. ജനാധിപത്യബോധമുള്ള മുഴുവൻ മലയാളികളെയും അതിൽ പങ്കാളികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഏറെ അസ്വസ്ഥതയോടെയാണ് മാധ്യമ പ്രവർത്തക വിനിതയുടെയും കുടുംബത്തിന്റെയും വേദനകൾ വിനിതയിൽ നിന്നും കേട്ടറിഞ്ഞത്. കൊലയാളികളുടെ രക്ഷക്ക് വേണ്ടി പൊതുഖജനാവിൽ നിന്നു പണം ചെലവഴിക്കാൻ മടിക്കാത്ത ഒരു സർക്കാർ ഉണ്ടാവുകയും അതിനെ സർവാത്മനാ പിന്തുണക്കാൻ സാക്ഷരരായ ഒരു സാംസ്‌കാരിക വൃന്ദം ഉണ്ടാവുകയും ആ കാപട്യം സൂക്ഷിക്കുമ്പോൾ തന്നെ ഫാസിസ്റ്റ് വിരുദ്ധതയുടെയും മാനവികതയുടെയും മേലങ്കി അണിയാൻ അവർക്കെല്ലാം സാധിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യമായ പരിണതിയാണ്‌ വിനിതയുടെയും കുടുംബത്തിന്റെയും പൊള്ളുന്ന അനുഭവം.
2018 ൽ ക്രൂരമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരൻ ഷുഹൈബ്, ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ 21 ആമത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായിരുന്നു. ആ കൊലപാതകത്തെ തുടർന്ന് ആദ്യ ഘട്ടത്തിൽ ഷുഹൈബ് ഒരക്രമകാരിയാണ്‌ അഥവാ കൊല്ലപ്പെടാൻ അർഹനാണ് എന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തി. സാമാന്തരമായി കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തി.
വിനിത മാധ്യമ പ്രവർത്തകയാണ്, അവരുടെ ഭർത്താവ് ഒരു സിവിൽ പോലീസുകാരനാണ്. ഷുഹൈബ് വധം റിപ്പോർട്ട്‌ ചെയ്ത ശേഷം അവർക്ക് നേരെ നടന്നു വരുന്ന ഭീഷണികളും സ്വഭാവഹത്യാ ശ്രമങ്ങളുമെല്ലാം ഇതുവരെ അതിജീവിക്കാൻ ആ കുടുംബത്തിന് സാധിച്ചത് അസാധാരണമായ ആത്മബലമുള്ളതുകൊണ്ടാണ്. കോവിഡ് കാലയളവിൽ രോഗികളുടെ വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് വിനിത പുറത്തു കൊണ്ടുവന്ന റിപ്പോർട്ട്‌ ജില്ലാ കളക്ടർ തന്നെ ശരിവെക്കുകയുണ്ടായി. എന്നിട്ടും, കൊലയാളി സംഘത്തിന്റെ ആരാധകരുണ്ടാക്കിയ പ്രചാരണത്തിന്റെ ഫലമെന്നോണം വിനിതയുടെ ഭർത്താവിനെ ജോലിയിൽ സ്ഥലം മാറ്റി ആ കുടുംബത്തെ ശിക്ഷിച്ചു. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥ സംഘടനയിൽ പ്രവർത്തിക്കുന്നുവെന്നതാണ് അയാൾ ചെയ്ത അപരാധം. ദേശാഭിമാനി സി.പി.എമ്മിന്റെ മുഖ പത്രമാണ്. ആന്തൂരിലെ വ്യവസായിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർ അവരുടെ മുഖപത്രത്തിലൂടെ അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഭാര്യയെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ച അധ:പതനത്തിന്റെതായ മാതൃക നമ്മുടെ മുന്നിലുണ്ട്. വിനിതയെയും മറ്റൊരു തരത്തിലിപ്പോൾ അതെ ഹീനമായ മാധ്യമ സംസ്കാരം വഴി വേട്ടയാടാൻ ശ്രമിക്കുന്നു.
ഒരു മാധ്യമ പ്രവർത്തക സത്യസന്ധമായി അവരുടെ ജോലി ചെയ്തത് അവരുടെ കുടുംബത്തെ തന്നെ വേട്ടയാടാനുള്ള കാരണമാവുന്ന നാടായിത്തീർന്നോ കേരളം?
ഒരു നിയമപാലകൻ ഭരിക്കുന്ന പാർട്ടിയോട് ചേർന്നു നിൽക്കുന്ന ഉദ്യോഗസ്ഥ സംഘടനയിൽ ചേരാത്തത് അയാളുടെ തൊഴിൽ അവകാശങ്ങളെ റദ്ദാക്കാനുള്ള കാരണമാണോ?
കൊലയാളികളോട് ലജ്ജയില്ലാതെ ആരാധന പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടു വന്നിരിക്കുന്നു നമ്മുടെ നാട്ടിൽ.
ഒരു മാധ്യമ പ്രവർത്തകക്കും പോലീസുകാരൻ ആയ അവരുടെ ഭർത്താവിനും സി.പി.എം നിശ്ചയിക്കുന്ന ലക്ഷ്മണരേഖകളിൽ ഒതുങ്ങിയില്ലെങ്കിൽ നേരിടേണ്ടിവരുന്നത് ഇതാണെങ്കിൽ സാധാരണ മനുഷ്യരുടെ അനുഭവമെന്തായിരിക്കും.
നിയമവാഴ്ചയുടെ പൂർണമായ അഭാവമാണ് വിനിതയുടെ അനുഭവത്തിൽ നമുക്ക് കണ്ടെത്താനാവുക.
ജോലി ചെയ്തതിന്റെ പേരിൽ തങ്ങളുടെ സഹപ്രവർത്തകക്കും കുടുംബത്തിനും നേരിടേണ്ടി വന്ന അനുഭവത്തോട് കേരളത്തിലെ മാധ്യമ സുഹൃത്തുക്കൾ പുലർത്തുന്ന നിശബ്ദത ഹീനമായ ഒരശ്ലീല പദം പോലെ ഉയർന്നു കേൾക്കുന്നുണ്ട്.
കൈ നനയാതെ ഫാസിസ്റ്റു വിരുദ്ധതയുടെയും വിശ്വമാനവികതയുടെയും കുപ്പായം തുന്നുന്ന കേരളത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും കൈകളിൽ പുരണ്ടുകൊണ്ടിരിക്കുന്ന കൊല്ലപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും രക്തം ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
വിനിതക്കും കുടുംബത്തിനും രാഷ്ട്രീയമായ ഐക്യദാർഢ്യം.
51 വെട്ടുവെട്ടി സി.പി.എം കൊന്നു കളഞ്ഞ തന്റെ പ്രിയപ്പെട്ടവന്റെ ചിത്രം പതിച്ചു പ്രതിജ്ഞ ചെയ്ത കെ.കെ രമയെ നിരുപാധിക പിന്തുണയോടെ നിയമസഭയിലെത്തിക്കണമെന്നുറച്ച രാഷ്ട്രീയത്തെ കോൺഗ്രസ്‌ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോവും. ജനാധിപത്യബോധമുള്ള മുഴുവൻ മലയാളികളെയും അതിൽ പങ്കാളികളാക്കും.