വിദ്വേഷ പ്രസംഗം : പി സി ജോർജ് കസ്റ്റഡിയിൽ; അനിവാര്യമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, May 1, 2022

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസം​ഗത്തിന്‍റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു. ഫോർട്ട് പോലീസ് സ്റ്റേഷൻ എസ് പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പോലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. മകൻ ഷോൺ ജോർജും ഒപ്പം ഉണ്ട്. സ്റ്റേഷനിലെത്തിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. പി സി ജോർജിനെ കൊണ്ടുവരുന്ന വഴിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പോലീസ് നടപടി അനിവാര്യമായതെന്ന് വി ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസം​ഗത്തിന്‍റെ പേരിൽ കലാപങ്ങൾ വരെ ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും പ്രതിപക്ഷ നേതാവ് വിഡിസതീശൻ പറഞ്ഞു.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.153 എ വകുപ്പ് പ്രകാരമാണ്പി. ഇത് കൂടാതെ പി.സി. ജോർജിനെതിരെ 295 A എന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. സമൂഹത്തിൽ ഭീതി വിതക്കും വിധം പ്രസംഗിച്ചതിനാണ് പുതിയ വകുപ്പ്. സ്റ്റേഷൻ ജാമ്യം കിട്ടാത്ത വിധത്തിലുള്ള വകുപ്പുകളാണ് ഇത്. ഞായറാഴ്ച ആയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനുള്ള സാധ്യതയും ഉണ്ട്.

കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.