പന്തീരാങ്കാവ് യു.എ.പി.എ കേസ് : താഹയുടെ ജാമ്യം റദ്ദാക്കി ; ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

Jaihind News Bureau
Monday, January 4, 2021

 

കൊച്ചി : പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്‍റെ ജാമ്യം റദ്ദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം. ജാമ്യം നല്‍കിയതില്‍ യു.എ.പി.എ ലംഘനമുണ്ടായെന്നും കോടതി വ്യക്തമാക്കി. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍.ഐ.എയുടെ വാദം.

അതേസമയം അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കില്ല. അലന്‍റെ പ്രായവും പഠനവും കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കാത്തത്. അലന്‍റ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പ്രതികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് എതിര്‍വാദം ഉയര്‍ന്നതോടെ കോടതികള്‍ ജാമ്യം തള്ളിയിരുന്നു.

തുടര്‍ന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ പരിഗണിച്ച് കോടതി ഇരുവര്‍ക്കും കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചത്. പിന്നീട് സെപ്റ്റംബര്‍ 9 ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് ജാമ്യം അനുവദിച്ചിരുന്നത്.