പായിപ്പാട് സംഭവം തെളിയിക്കുന്നത് ഏകോപനത്തിന്‍റെ അഭാവം: പാലോട് രവി

Jaihind News Bureau
Monday, March 30, 2020

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രഖാപനങ്ങൾക്ക് താഴെത്തട്ടിൽ ഏകോപനവും മേൽനോട്ടവുമില്ലെന്നാണ് പായിപ്പാട്ട്  നടന്ന പ്രതിഷേധം തെളിയിക്കുന്നതെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി.
കോവിഡിന്‍റെ സാമൂഹിക വ്യാപനം വൻ ഭീഷണിയായി മുന്നിൽ നിൽക്കെ ആഹാരത്തിനും കുടിവെള്ളത്തിനുംവേണ്ടി നൂറുകണക്കിന് ചെറുപ്പക്കാർ വിലക്കു ലംഘിച്ച് തെരുവിലിറങ്ങിയത് കേരളത്തെയാകെ ഞെട്ടിച്ചു. അതുണ്ടാക്കിയ അമ്പരപ്പിൽനിന്ന്‌ ഇനിയും നാം മോചിതരായിട്ടില്ല.

പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ അവരെ വാസസ്ഥലങ്ങളിലേക്ക് മടക്കിഅയക്കാനായി. അത് ആശ്വാസകരം തന്നെ. എന്നാൽ പ്രശ്നം അവസാനിക്കുന്നില്ല. അവർ അവിടെ തടിച്ചു കൂടാനിടയായ സാഹചര്യത്തെപ്പറ്റി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അത് വേണ്ടതു തന്നെ. വിലക്കുലംഘിച്ചുള്ള ആ ഒത്തുചേരൽ ഒരു സാമൂഹിക ഭീഷണി തന്നെയാണ്; ഒഴിവാക്കേണ്ടിയിരുന്നതും. തിരികെ നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം അസാധ്യവും.

എന്നാൽ നാം വേണ്ടത്ര കണക്കിലെടുക്കാതെ പോയ ഒരു വലിയ പ്രശ്നമാണ് അതിലൂടെ പുറത്തുവന്നത്. ജനതാകർഫ്യൂ ദിനം മുതൽ നാം കേൾക്കുന്നതാണ്, പ്രഖാപനങ്ങൾ- ഒരാൾ പോലും പട്ടിണി കിടക്കാൻ ഇടയാവില്ലെന്ന്. വിശക്കുന്നവർക്കെല്ലാം ആഹാരമെത്തിക്കും എന്നും.
അതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു- സമൂഹഅടുക്കള. തദ്ദേശഭരണ സ്ഥാപനങ്ങളെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും താഴെത്തട്ടിലെത്തിയില്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ബോധവൽക്കരണത്തിന്റെയും അടുക്കള ഒരുക്കുന്നതിന്റെയും ആഹാരമെത്തിക്കുന്നതിന്റെയും തിരക്കിൽ നാം ഒരു വിഭാഗത്തെ മറന്നു.

കേരളത്തെ ഗൾഫായിക്കണ്ട് ഇവിടെ തൊഴിലെടുക്കാനെത്തിയ മറുനാടൻ തൊഴിലാളികൾ.
അവരെ ആര് സംരക്ഷിക്കും എന്ന് ആരും അന്വേഷിച്ചില്ലേ എന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്. ഇവരെ തൊഴിലിനായി കൊണ്ടു വന്ന ഏജന്റുമാരെയും പണിയെടുപ്പിച്ച കരാറുകാരെയും കാണാനില്ല എന്നാണ് പല തൊഴിലാളികളും പറയുന്നത്. അതെന്തായാലും ലോക്ക്ഡൗണും യാത്രാവിലക്കും തുടരുന്നിടത്തോളം അവരെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാനത്തിനുണ്ട്. പാലോട് രവി പറഞ്ഞു.