വി.കെ ശ്രീകണ്ഠൻ എംപിയേയും ഷാഫി പറമ്പിൽ എംഎൽഎയേയും അപകീർത്തിപ്പെടുത്താൻ ശ്രമം; സിപിഎമ്മിന്‍റേത് തരം താഴ്ന്ന രാഷ്ട്രീയ പ്രചാരണമെന്ന് പാലക്കാട് ഡിസിസി

Jaihind News Bureau
Tuesday, June 9, 2020

Shafi-Parambil-MLA-VK-Sreekandan-MP

പാലക്കാട്: കൊവിഡ് പ്രതിരോധ രംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വി.കെ. ശ്രീകണ്ഠൻ എം.പി.യേയും ഷാഫി പറമ്പിൽ എം.എൽ.എ.യേയും കരിതേച്ച് കാണിക്കുവാനുള്ള സി.പി.ഐ.എമ്മിന്‍റെ ഹീന ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജില്ലാ ആശുപത്രിയിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ആദ്യമായി ഒരു കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് അതിന്‍റെ ഉദ്ഘാടനം നടത്തിയതാണ് ജീവനക്കാർക്ക് രോഗം വന്നതെന്ന അപൂർവ്വമായ കണ്ടുപിടുത്തമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയിരിക്കുന്നത്.

ജില്ലയില്‍ ഉടനീളം കൊവിഡ് രോഗികൾ വർധിക്കുന്ന സന്ദർഭത്തിൽ എല്ലാ ജനപ്രതിനിധികളുടേയും രാഷ്ട്രീയ – സന്നദ്ധ സംഘടനകളുടേയും കൂട്ടായ പ്രവർത്തനം നടത്തി ഈ മഹാമാരിയെ അതിജീവിക്കുവാൻ ശ്രമിക്കുന്നതിന് പകരം തരംതാഴ്ന്ന രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് സിപിഎം.

ജില്ലയിലെ രണ്ട് മന്ത്രിമാർ ഉൾപ്പെട്ട ഭരണ നേതൃത്വത്തിന്‍റെ പരാജയം കോൺഗ്രസ് ജനപ്രതിനിധികളുടെ തലയിൽ കെട്ടിവെക്കേണ്ട ഗതികേടിലാണ് സിപിഎം. ജില്ലാ ഭരണകൂടത്തിന്‍റെ ദീർഘവീക്ഷണമില്ലായ്മയും പിടിപ്പുകേടും ഏകോപനമില്ലായ്മയും പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരുമായും കൂടിയാലോചനയില്ലാതെ രണ്ട് മന്ത്രിമാരുടേയും മറ്റ് ചിലരുടേയും പ്രവർത്തനം ജില്ലാ ആശുപത്രിയെ തന്നെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണെന്നും ഡിസിസി കുറ്റപ്പെടുത്തി.

യു.ഡി.എഫ്. ഭരണകാലത്ത് കൊണ്ടുവന്നതാണ് പാലക്കാട് മെഡിക്കൽ കോളേജ് എന്നതുകൊണ്ട് മാത്രമാണ്, കൊവിഡ് ചികിത്സ അവിടേക്ക് മാറ്റണമെന്ന പാലക്കാട് എംപിയുടേയും എംഎൽഎയുടേയും ആവശ്യം അംഗീകരിക്കുവാൻ ഭരണ നേതൃത്വം മടിക്കുന്നത്. കൊറോണ വൈറസ് ബാധ കണ്ടുപിടിക്കുവാൻ ജില്ലാ ആശുപത്രിയിൽ ആദ്യമായി ട്രൂ നാറ്റ് പി.സി.ആർ.ടെസ്റ്റ് മെഷീൻ സ്ഥാപിക്കുവാൻ ഷാഫി പറമ്പിൽ എംഎൽഎയുടെ ഫണ്ട് വിനിയോഗിക്കേണ്ടി വന്നതിലെ ജാള്യത സിപിഎമ്മിനുണ്ട്. രണ്ട് മന്ത്രിമാർ ഉൾപ്പടെ ഒമ്പത് ഭരണപക്ഷ എം.എൽ.എ.മാർ ഇടതുപക്ഷത്തിനുണ്ടായിട്ടും ജില്ലാ ആശുപത്രിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാളിതുവരെ ഒന്നും ചെയ്തില്ലെന്നത് നാണക്കേട് തന്നെയാണ്.

മെഷീനിന്‍റെ ലളിതമായ ഉദ്‌ഘാടന ചടങ്ങിൽ എംപിയും എംഎൽഎയും മാത്രമല്ല സിപിഎമ്മിന്‍റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാരി തുടക്കം മുതൽ അവസാനം വരെ പങ്കെടുത്ത വിവരം ജില്ലാ സെക്രട്ടറിയേറ്റ് അറിഞ്ഞില്ല. ആശുപത്രി സൂപ്രണ്ട്, ഡിഎംഒ ഉൾപ്പടെ ഏതാനും ചില ജീവനക്കാർ മാത്രമാണ് ചടങ്ങിനുണ്ടായത്. പുറമെ നിന്ന് ആരും പരിപാടിയിൽ പങ്കെടുത്തിട്ടില്ല. ഈ പരിപാടിയിൽ പങ്കെടുത്ത ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസിലെ ഒരു ജീവനക്കാരന് പിന്നീട് രോഗം സ്ഥിരീകരിച്ചതുകൊണ്ടാണ് നേരത്തെ പറഞ്ഞ ജനപ്രതിനിധികളും ജീവനക്കാരും വീട്ട് നിരീക്ഷണത്തിലായത്.

ഈ ജീവനക്കാരന് ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ തെർമൽ സ്കാനർ സ്ഥാപിക്കുവാൻ പുറമെ നിന്നെത്തിയ ഒരു ടെക്‌നീഷ്യനിൽ നിന്നാണ് രോഗം പകർന്നതെന്ന് ആശുപത്രി അധികൃതർ തന്നെ വ്യക്തമാക്കിയതാണ്. ടെക്‌നീഷ്യൻ അതിന് മുമ്പ് വി.എസ്. അച്ചുതാനന്ദൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗിച്ച് വാളയാറിൽ മറ്റൊരു തെർമൽ സ്കാനർ സ്ഥാപിക്കുവാൻ പോയപ്പോഴാണ് രോഗം പിടിപെട്ടതെന്നും പറയുന്നു. ജില്ലാ ആശുപത്രിയിലെ സ്കാനർ സ്ഥാപിക്കുന്ന ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട സൂപ്രണ്ടിന്‍റെ ഓഫീസിലെ അഞ്ചോളം പേർക്കാണ് പിന്നീട് രോഗബാധ ഉണ്ടായത്.

എംപിയും എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും പങ്കെടുത്ത ട്രൂ നാറ്റ് മെഷീൻ ഉദ്ഘാടന ചടങ്ങിൽ ഇതിലൊരു ജീവനക്കാരന്‍റെ സാന്നിധ്യമാണ് ഇവർക്കെല്ലാം വീട്ടു നിരീക്ഷണത്തിൽ പോകുവാൻ ഇടവരുത്തിയത്.

ഉദ്ഘാടനത്തിന്‍റെ പേരിൽ നടപടി വേണമെന്ന ആവശ്യം സിപിഎം ആദ്യം ഉന്നയിക്കേണ്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാരിയുടെ പേരിലാണ്. ഇതിനോടകം ആശുപത്രിയിലെ മൂന്ന് ഉദ്ഘാടന ചടങ്ങിലാണ് അവർ പങ്കെടുത്തത്. കൊവിഡ് വാർഡിന്‍റെ ഉദ്ഘാടനം, ടി.ബി. സെന്‍ററിലെ മെഷീനിന്‍റെ ഉദ്ഘാടനം, ട്രൂ നാറ്റിന്‍റെ ഉദ്ഘാടനം. ഇവിടെയൊക്കെ ജീവനക്കാരും ഉണ്ടായിരുന്നു.

രണ്ടാമത് നടപടിയെടുക്കേണ്ടത് ജില്ലാ ആശുപത്രിയിൽ ഒരു സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ലഘു ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്ത കെ.വി. വിജയദാസ് എംഎൽഎയുടെ പേരിലാണ്. ചടങ്ങിൽ ഒരു മാനദണ്ഡവും പാലിക്കാതെ നൂറോളം പേർ പങ്കെടുത്തിരുന്നു. കാര്യങ്ങളുടെ സ്ഥിതി ഇതായിരിക്കെ യുഡിഎഫ് ജനപ്രതിനിധികൾക്കെതിരായി സിപിഎം നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും കാര്യത്തിൽ സിപിഎം മുതലക്കണ്ണീർ ഒഴുക്കുന്നത് ജുഗുപ്ത്സാവഹമാണ്. രോഗം ആരംഭിക്കുന്ന ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി എം.പി. ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത് വി.കെ. ശ്രീകണ്ഠന്‍ എംപിയാണ്. ഇതിൽ നിന്നും അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി ജീവനക്കാർക്കായി സുരക്ഷ ഉപകരണങ്ങൾ വാങ്ങിച്ചത്. അന്ന് വാങ്ങിയ അയ്യായിരം പി.പി.ഇ. കിറ്റുകളും അയ്യായിരം എൻ-95 മാസ്‌കുകളുമാണ് ഇന്നും ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്നത്. വെന്‍റിലേറ്ററുകളും മറ്റ് ഉപകരണങ്ങളുമായി യുദ്ധകാല അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയിലേക്കുള്ള എം.പി. ഫണ്ട് വിനിയോഗിച്ചത്.

ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരും ഏഴ് എംഎൽഎമാരും ഭരണപക്ഷത്തുനിന്ന് ഉണ്ടായിട്ടും പാലക്കാട് ജില്ലാ ആശുപത്രിക്ക് വേണ്ടി ഒരു പ്രത്യേക ഫണ്ടോ ഉപകരണങ്ങളോ എന്തിന് ജില്ലയിൽ രോഗികൾ ക്രമാതീതമായി വർദ്ധിച്ചിട്ടും ഒരു പരിശോധന സംവിധാനം പോലും കൊണ്ടുവരാൻ കഴിയാത്ത നാണം കെട്ട അവസ്ഥയിലാണ് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ജനപ്രതിനിധികളെ അപകീർത്തിപ്പെടുത്തുവാൻ സിപിഎം ശ്രമിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.