ഷാഫി പറമ്പില്‍ എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍: ഫാസിസത്തെ ചെറുത്ത് തോല്‍പിക്കുമെന്ന് ഷാഫി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

Jaihind News Bureau
Sunday, March 8, 2020

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷാഫി പറമ്പിൽ എം.എൽ.എയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. കെ.എസ് ശബരിനാഥൻ എം.എൽ.എ, യൂത്ത് കോൺഗ്രസ്‌ ദേശീയ കോർഡിനേറ്റർ ആയിരുന്ന എന്‍.എസ് നുസൂർ, റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പ്രഖ്യാപിച്ചു.

വിദ്യാ ബാലകൃഷ്ണൻ നിലവില്‍ അഖിലേന്ത്യാ സെക്രട്ടറി ആയതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടും. ഇതോടെ ആറ് വൈസ് പ്രസിഡന്‍റുമാരും 27 ജനറൽ സെക്രട്ടറിമാരും 35സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവിൽ വരുക. ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും പേരുകൾ അഖിലേന്ത്യാ കമ്മിറ്റി വൈകുന്നേരത്തോടെ കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് വൻ സ്വീകരണമൊരുക്കി പാലക്കാട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ജില്ലയിൽ നിന്ന് ആദ്യമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രത്തിലെ വർഗീയ ഫാസിസത്തെയും കേരളത്തിലെ രാഷ്ട്രീയ ഫാസിസത്തെയും യൂത്ത് കോൺഗ്രസിന്‍റെ അമരത്ത് നിന്ന് ചെറുത്ത് തോൽപിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.