സ്ത്രീപീഡന പരാതിയില്‍ നടപടി നേരിട്ട പി ശശി വീണ്ടും സംസ്ഥാന സമിതിയില്‍; ജി സുധാകരന്‍ അടക്കം 13 പേർ പുറത്ത്

Jaihind Webdesk
Friday, March 4, 2022

 

കൊച്ചി : സ്ത്രീപീഡന പരാതിയില്‍ നടപടി നേരിട്ട പി ശശി സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തി. ജി സുധാകരന്‍ അടക്കം 13 പേരെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. 17 അംഗ സെക്രട്ടേറിയേറ്റിൽ 8 പേർ പുതുമുഖങ്ങളാണ്. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും.

സ്ത്രീപീഡന കേസിൽ ആരോപണം നേരിട്ട പി ശശിയെ സംസ്ഥാന സമിതിയിലേക്ക് തിരിച്ചെടുത്തത് ശരിയായ സന്ദേശം നല്‍കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേ 2011ൽ പാർട്ടിയിൽനിന്ന് പി ശശിയെ പുറത്താക്കിയിരുന്നു. ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി ശശിയെ  കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വീണ്ടും പാർട്ടിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

അതേസമയം 75 വയസ് എന്ന പ്രായപരിധി കടുപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് ലഭിച്ചു.  സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. എ.എ റഹിം, ചിന്താ ജെറോം, എം.എം വർഗീസ്, വി.പി സാനു, കെ.എസ് സലീഖ, പി ശശി, എ.വി റസൽ, ഇ.എൻ സുരേഷ്ബാബു, സി.വി വർഗീസ്, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, കെ കെ ലതിക, കെ എൻ ഗണഷ്, പനോളി വൽസൻ, രാജു എബ്രഹാം എന്നിവരാണ് പുതിയതായി സംസ്ഥാന സമിതിയിൽ എത്തിയത്. ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനെയും ബിജു കണ്ടക്കൈയെയും തിരഞ്ഞെടുത്തു. മുഹമ്മദ് റിയാസ്, എം സ്വരാജ്, കെ.കെ ജയചന്ദ്രൻ, അനാവൂർ നാഗപ്പൻ, വി.എൻ വാസവൻ, സജി ചെറിയാൻ, പി.കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരാണ് പുതിയ സെക്രട്ടേറിയേറ്റ് അംഗങ്ങൾ. പി ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ തഴഞ്ഞു. സ്വയം ആവശ്യപ്പെട്ടതിനാൽ ജെയിംസ് മാത്യുവിനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

വനിതാ ശാക്തീകരണത്തെ കുറിച്ച് വാചാലരാകുമ്പോഴും സെക്രട്ടേറിയറ്റിലെ സ്ത്രീ പ്രാതിനിധ്യം ഇത്തവണയും പി.കെ ശ്രീമതിയിൽ ഒതുങ്ങി. 88 അംഗ സംസ്ഥാന കമ്മിറ്റിയെയാണ് സമ്മേളനം തിരഞ്ഞെടുത്തത്. അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനുള്ള 175 പ്രതിനിധികളെയും സമ്മേളനം നിശ്ചയിച്ചു. പ്രവർത്തന റിപ്പോർട്ടിനൊപ്പം നവ കേരള രേഖയും ഇത്തവണത്തെ സിപിഎം സമ്മേളനം ചർച്ച ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ അടക്കം സ്വകാര്യ വത്ക്കരണം പ്രോത്സാഹിപ്പിക്കണമെന്ന സിപിഎമ്മിന്‍റെ നയം മാറ്റത്തിന്‍റെ വേദി കൂടിയായി കൊച്ചി സമ്മേളനം.