ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എൽ.എ ഷൊർണൂർ നിയോജക മണ്ഡലത്തിൽ നയിക്കുന്ന സി.പി.എം ജനമുന്നേറ്റ കാൽനട ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ആരോപണവിധേയനായ ശേഷം മുഖ്യമന്ത്രിക്കൊപ്പവും, മന്ത്രി എ.കെ ബാലനൊപ്പവും വേദി പങ്കിട്ട പി.കെ ശശി ചെർപ്പുളശേരിയിൽ കഴിഞ്ഞ ദിവസം നടന്ന നവോത്ഥാന സദസിലും ഉദ്ഘാടകനായെത്തിയിരുന്നു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗികാരോപണ പരാതിക്ക് ശേഷം കുറച്ചുദിവസം പാർട്ടി പരിപാടികളിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നും വിട്ടു നിന്ന പി.കെ ശശി എം.എൽ.എ മുഖ്യമന്ത്രിക്കൊപ്പവും, മന്ത്രിഎ.കെ ബാലനൊപ്പവും വേദി പങ്കിട്ടാണ് പൊതുവേദിയിൽ പ്രത്യക്ഷനായത്. കഴിഞ്ഞ ദിവസം ചെർപ്പുളശേരിയിൽ നടന്ന നവോത്ഥാന സദസിലും ഉദ്ഘാടകനായി ശശിയെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷൊർണൂർ നിയോജക മണ്ഡലത്തിൽ സി.പി.എം ജനമുന്നേറ്റ കാൽനടജാഥയ്ക്ക് പി.കെ ശശി നായകനാവുന്നത്. ഇന്നുമുൽ 25വരെ ഷൊർണൂർ മണ്ഡലത്തിൽ നടക്കുന്ന ജാഥയുടെ ഉദ്ഘാടനം വൈകുന്നേരം തിരുവാഴിയോട് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ നിർവഹിക്കും. വെള്ളിയാഴ്ചയാണ് പി.കെ ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണ പരാതി സി.പി.എം സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്യുന്നത്. സംസ്ഥാനകമ്മിറ്റി വിഷയം ചർച്ചചെയ്യുമ്പോൾ ആരോപണവിധേയൻ പാർട്ടി ജാഥ നയിക്കുകയായിരിക്കുമെന്ന വിരോധാഭാസത്തിനാകും സംസ്ഥാന രാഷ്ട്രീയം സാക്ഷ്യം വഹിക്കുക.
പി.കെ ശശിയെ ജാഥാ ക്യാപ്റ്റനാക്കുന്നതിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ വ്യത്യസ്ത അഭിപ്രായം നിലനിന്നിരുന്നു. മാധ്യമ ശ്രദ്ധ ശശിയിലൊതുങ്ങുമെന്നും ജാഥയ്ക്ക് വേണ്ടത്ര പരിഗണന കിട്ടില്ലെന്നുമായിരുന്നു യോഗത്തിൽ എതിരഭിപ്രായക്കാരുടെ വാദം. യാത്ര വിജയിപ്പിക്കാൻ ചേർന്ന ഷൊർണൂർ മണ്ഡലത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റിയോഗങ്ങൾ പലയിടത്തും ശുഷ്‌കമായിരുന്നു. ആരോപണവിധേയന് പിന്നാലെ ജാഥയിൽ നടക്കാനാകില്ലെന്ന് ചില അംഗങ്ങൾ പ്രാദേശിക നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശശി ക്യാപ്റ്റനായെത്തുന്നതിൽ കടുത്ത അമർഷമാണ് താഴേ തട്ടിലെ പ്രവർത്തകർക്കിടയിലുള്ളത്.