പാർലമെന്‍റിലേക്ക്  മത്സരിച്ചവരെ പരിഗണിക്കേണ്ടെന്ന സിപിഎം തീരുമാനം പി.ജയരാജനെ വെട്ടാൻ ; ജയരാജൻ പിണറായിയുടെ കണ്ണിലെ കരടായി തുടരുന്നു

Jaihind Webdesk
Thursday, February 4, 2021

 

തിരുവനന്തപുരം : കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞടുപ്പിൽ മത്സരിച്ചവരെ നിയമസഭ തെരഞ്ഞടുപ്പിലേക്ക് പരിഗണിക്കേണ്ടന്ന സിപിഎം തീരുമാനം പി.ജയരാജനെ ഒതുക്കാൻ. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞടുപ്പിൽ ജയരാജൻ വടകരയിൽ കെ.മുരളീധരനോട് പരാജയപ്പെട്ടിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ജയരാജന് മത്സരിക്കാൻ അവസരം നൽകണമന്ന് സമൂഹമാധ്യമങ്ങളിലെ സൈബർ സഖാക്കളിൽ നിന്ന് മുറവിളി ഉയർന്നിരുന്നു. ജയരാജനെ പിന്തുണയ്ക്കുന്ന പി.ജെ ആർമി ഫെയ്സ്ബുക്ക് ഗ്രൂപ്പിലും ഈ ആവശ്യം ഉയർന്നിരുന്നു. ജയരാജൻ വീണ്ടും സജീവമാകുന്നതിൽ പിണറായി വിജയൻ അസ്വസ്ഥനായിരുന്നു.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞടുപ്പിൽ കോട്ടയത്ത് പരാജയപ്പെട്ട  സിപിഎം ജില്ല സെക്രട്ടറി വി.എൻ വാസവന് കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നൽകിയിരുന്നു. എന്നാൽ പി ജയരാജന്‍റെ കാര്യത്തിൽ ഈ സമീപനം സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയില്ല. എം.വി ജയരാജനാണ് ഇപ്പോഴും ജില്ലാ സെക്രട്ടറിയുടെ ചുമതല. പാർട്ടിയിലെ കണ്ണുർ ലോബിക്ക് പി.ജയരാജനോടുള്ള അത്യപ്തിയാണ് ഇതിന് കാരണം.

കണ്ണൂർ നേതാക്കളും മക്കളും ആഢംബര ജീവിതം നയിക്കുമ്പോൾ ജയരാജൻ ഇക്കാര്യത്തിൽ വേറിട്ട് നിന്നത് പാർട്ടി അണികളിൽ മതിപ്പ് നേടിയരുന്നു. ഇതും കണ്ണൂർ ലോബിക്ക് ജയരാജനെ അനഭമതിനാക്കി. ഈ സാഹചര്യത്തിൽ ജയരാജൻ നിയമസഭയിലേക്ക് മത്സരിച്ചാൽ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന ആശങ്കയും കണ്ണുർ ലോബിക്ക് ഉണ്ട്. ഇതാണ് സി.പി.എം തീരുമാനത്തിന് പിന്നിൽ. എന്നാൽ ചിലർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനവും പിണറായിയുടെ താൽപര്യപ്രകാരം തന്നെ. കെ.എൻ ബാലഗോപാൽ,  പി രാജീവ്, എം ബി രാജേഷ് എന്നിവർക്ക് ഇളവ് ലഭിച്ചേക്കാം. പി.കെ ശ്രീമതിക്ക് ഇളവ് ലഭിക്കാൻ സാധ്യതയില്ല.