സി.പി.എം സ്ഥാനാര്‍ഥി പി ജയരാജന്‍റെ പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടലംഘനമെന്ന് പരാതി

Jaihind Webdesk
Tuesday, March 19, 2019

P-Jayarajan

വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി ജയരാജന്‍റെ പ്രചരണത്തിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി. സർക്കാർ നേട്ടങ്ങളടങ്ങിയ പി.ആർ.ഡി പ്രസിദ്ധീകരണം വീടുകളിൽ വിതരണം ചെയ്തതാണ് പരാതികൾക്ക് ഇടയാക്കിയത്.

എൽ.ഡി.എഫ് സ്ഥാനാർഥി പി ജയരാജന്‍റെ പ്രചരണത്തിന്‍റെ ഭാഗമായാണ് കോഴിക്കോട് തിക്കോടിയിലെ വീടുകളിൽ സിപിഎം പി.ആർ.ഡി പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തത്. ‘നമ്മുടെ സർക്കാർ 1000 നല്ല ദിനങ്ങൾ’ എന്ന ബുക്ക് ലെറ്റാണ് വടകര മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തത്. സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തിയാക്കിയപ്പോൾ പി.ആർ.ഡി പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടിക പറയുന്ന ബുക്ക്‌ലെറ്റാണിത്. പി ജയരാജന് വേണ്ടി വോട്ടുചോദിക്കുന്നതിനൊപ്പം ആയിരുന്നു ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ നേട്ടങ്ങളടങ്ങിയ പ്രസിദ്ധീകരണങ്ങൾ വോട്ടിനായി ഉപയോഗിക്കുന്നതിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.

സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് ചട്ടം മറികടന്നാണ് സി.പി.എം നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവു വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവം നിഷേധിച്ച് സി.പി.എം രംഗത്തെത്തി.[yop_poll id=2]