പി ജയരാജനും കറുത്ത ഇന്നോവ; 32 ലക്ഷം രൂപ അനുവദിച്ച് ഖാദി ബോർഡ്

Jaihind Webdesk
Thursday, December 1, 2022

 

തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് കാർ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ചു. കറുത്ത  ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. 32,11,792 രൂപയാണ് ഇതിന്‍റെ വില. സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് ജയരാജന് വേണ്ടി വാങ്ങാൻ സർക്കാർ അനുമതി നൽകിയത്.

പരമാവധി 35 ലക്ഷം രൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡിന്‍റെ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. കണ്ണൂർ തോട്ടടയിലുള്ള ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും ഇത്തരം ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.