കൊവിഡ് : ദുബായില്‍ ഈ വര്‍ഷം റമസാന്‍ ടെന്‍റുകള്‍ ഇല്ല ; നോമ്പ് തുറക്കാന്‍ പള്ളി മുറ്റത്ത് ഭക്ഷണം അനുവദിക്കില്ല

Jaihind News Bureau
Tuesday, April 21, 2020

ദുബായ് : കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍, ദുബായില്‍ ഈ വര്‍ഷം, റമസാന്‍ ടെന്‍റുകള്‍ അനുവദിക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു. ഇതോടൊപ്പം, നോമ്പ് തുറക്കാന്‍ പള്ളി മുറ്റത്തേക്ക് ഭക്ഷണം കൊണ്ടുവരുന്നതും ഗവര്‍മെന്‍റ് നിരോധിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി, രാജ്യത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ പ്രത്യേക തീരുമാനം. ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് വകുപ്പ് ആണ്, ചെറുതും വലുതുമായ എല്ലാതരം റമസാന്‍  കൂടാരങ്ങള്‍ക്കുള്ള പെര്‍മിറ്റുകള്‍ റദ്ദാക്കിയത്. അതേസമയം, നോമ്പ് ഭക്ഷണ വിതരണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, വകുപ്പ് അംഗീകരിച്ചതും ലൈസന്‍സുള്ളതുമായ ചാരിറ്റികളെയും സ്ഥാപനങ്ങളെയും സമീപിക്കണം. എന്നാല്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് മന്ത്രാലം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഷാര്‍ജയിലും റമസാന്‍ ടെന്‍റുകള്‍ അനുവദിക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു.